മണിപ്പുരിലെ അഭയാർഥി ക്യാന്പുകളിൽ കുട്ടികൾ 6,164 , ഗർഭിണികൾ 232
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: മണിപ്പുരിലെ അഭയാർഥി ക്യാന്പുകളിൽ ആറുമാസം മുതൽ ആറുവയസ് വരെയുള്ള 6,164 കുട്ടികൾ കഴിയുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.
ആറുവയസിനുമുകളിലുള്ള 2,638 പെൺകുട്ടികളും 232 ഗർഭിണികളും ഇതോടൊപ്പം ക്യാന്പുകളിൽ കഴിയുന്നുണ്ട്. മുലയൂട്ടുന്ന 753 അമ്മമാരുടെ വാസവും ക്യാന്പുകളിലാണ്.
സമീപത്തെ അങ്കണവാടികളുമായി സംയോജിപ്പിച്ചാണ് ക്യാന്പുകൾ പ്രവർത്തിക്കുന്നതെന്നും വനിതാശിശുക്ഷേമ മന്ത്രി അന്നപൂർണ ദേവി അറിയിച്ചു.
അഭയാർഥി ക്യാന്പുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ 400.42 കോടിരൂപയുടെ പ്രത്യേക സഹായത്തിന് അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനകൂടി പരിഗണിച്ചാണിതെന്നും മന്ത്രി വ്യക്തമാക്കി.