ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതിയുടെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: ഡോ. വന്ദനദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി. ഒരു കാരണവശാലും വിടുതൽ ഹർജി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാനത്തിനു നോട്ടീസ് നൽകി.
വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റീസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണു സന്ദീപിന്റെ വിടുതൽ ഹർജി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയത്. കൃത്യസമയത്ത് വന്ദനയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന വാദം കോടതി സ്വീകരിച്ചില്ല.
വെറും വാദമായി ഇത് ഉന്നയിക്കാമെന്നാണു കോടതി പറഞ്ഞത്. കഴിഞ്ഞ വർഷം മേയ് പത്തിനാണു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിൽ വച്ച് കത്രികകൊണ്ടു പ്രതി ഡോക്ടറെയും പോലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു.