ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐഎസ് ഭീകരൻ റിസ്വാൻ അബ്ദുൾ ഹാജി അലിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു.
ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലാണ് ദര്യാഗഞ്ജിൽനിന്ന് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. ആയുധങ്ങളടക്കം ഇയാളിൽനിന്നു പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. റിസ്വാനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മൂന്നു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഐഎസിന്റെ പൂന മോഡ്യൂളിലെ പ്രധാന അംഗമാണു റിസ്വാൻ. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൂനയിൽനിന്ന് ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, ഐഎസുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിവ 2023 ജൂലൈയിൽ എൻഐഎ കണ്ടെത്തിയിരുന്നു.
റിസ്വാനടക്കം 11 പേർക്കെതിരേയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഐഎസിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി പൂനയിലും പരിസരത്തും ഭീകരത അഴിച്ചുവിടാനുള്ള പദ്ധതികളിൽ റിസ്വാനടക്കമുള്ളവർ ഏർപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു.