മദ്യനയ അഴിമതിക്കേസ്: സിസോദിയ ജയിലിൽനിന്നു പുറത്തിറങ്ങി
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരേയുള്ള മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വിചാരണ വൈകുന്നതിന്റെ വശം പരിഗണിക്കുന്പോൾ ഹൈക്കോടതിക്കും വിചാരണ കോടതിക്കും തെറ്റു പറ്റിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ജാമ്യത്തിനായി സിസോദിയ വിചാരണക്കോടതിയെ സമീപിക്കണമെന്ന ഇഡിയുടെയും സിബിഐയുടെയും വാദം തള്ളിയ സുപ്രീംകോടതി അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തെ പാന്പും ഏണിയും കളിക്കാൻ പ്രേരിപ്പിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞു.
വിചാരണയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ പരസ്പരവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ഒരുവശത്ത് വിചാരണ വേഗത്തിലാക്കാൻ തയാറാണെന്നു പറയുന്പോൾ മറുവശത്ത് ജൂണ്‍ നാലിന് കേസ് പരിഗണിച്ചപ്പോൾ ഒരുമാസത്തെ കസ്റ്റഡിയാണ് അവർ ആവശ്യപ്പെട്ടതെന്നും കോടതി വിമർശിച്ചു.
എട്ടു മാസത്തിനുള്ളിൽ കേസ് പൂർത്തിയാക്കുമെന്ന് 2023 ഒക്ടോബറിൽ കേന്ദ്ര ഏജൻസികൾ നൽകിയ മൊഴിയും കോടതി പരാമർശിച്ചു. വിചാരണ വൈകിച്ച കേന്ദ്ര ഏജൻസികളുടെ നടപടിയെയും കോടതി വിമർശിച്ചു.
2023 ഫെബ്രുവരി 26നാണ് ഡൽഹി മദ്യനയ അഴിമതിക്കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് അതേവർഷം മാർച്ച് ഒന്‍പതിന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പിന്നീട് ജാമ്യത്തിനായി പലതവണ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഇന്നലെ രാത്രി ഏഴോടെ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങിയ സിസോദിയയ്ക്കു പുറത്തുകാത്തിരുന്ന പ്രവർത്തകർ വൻ സ്വീകരണമാണു നൽകിയത്.