സ്റ്റോപ്പിൽ ബസ് നിർത്തിയില്ല ; കണ്ടക്ടർക്കു നേരെ പാന്പിനെ എറിഞ്ഞ് യുവതി
Saturday, August 10, 2024 2:13 AM IST
ഹൈദരാബാദ്: സ്റ്റോപ്പിൽ ബസ് നിർത്താത്തതിന്റെ വിരോ ധത്തിൽ കണ്ടക്ടർക്ക് നേരെ പാന്പിനെ എറിഞ്ഞ യുവതി അറസ്റ്റിൽ. യുവതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം വിദ്യാനഗറിൽ വച്ച് തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (ടിജിഎസ്ആർടിസി) ബസിനു നേരെയാണു യുവതി ആക്രമണം നടത്തിയത്.
വിദ്യാനഗറിൽ ബസ് നിർത്താത്തിൽ പ്രകോപിതയായി ഇവർ ബസിനു നേരേ മദ്യക്കുപ്പി വലിച്ചെറിഞ്ഞു. ഇതു ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് ബാഗിൽനിന്നു പാന്പിനെ പുറത്തെടുത്ത് കണ്ടക്ടർക്കു നേരേ എറിഞ്ഞത്.
എന്നാൽ സ്റ്റോപ്പ് ഇല്ലാത്തിടത്താണു യുവതി ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്നാണു ടിജിഎസ്ആർടിസി അധികൃതർ പറയുന്നത്. യുവതിയുടെ ഭർത്താവിനു പാന്പുപിടിത്തമാണു ജോലി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.