കാഷ്മീരിൽ എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തുമെന്ന് രാജീവ് കുമാർ
Saturday, August 10, 2024 2:13 AM IST
ജമ്മു: ജമ്മുകാഷ്മീരിൽ എത്രയും വേഗം തെരഞ്ഞെടുപ്പു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ബാഹ്യ, ആഭ്യന്തര ശക്തികളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കാഷ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തിപ്പ് അവലോകനം ചെയ്യുന്നതിനും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുന്നതിനുമായി കാഷ്മീരിൽ എത്തിയതായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതിനിധി സംഘം സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.
ബിജെപി, കോൺഗ്രസ്, എഎപി, ബിഎസ്പി, സിപിഎം, നാഷണൽ കോൺഫറൻസ്, പിഡിപി, നാഷണൽ പാന്തേഴ്സ് പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കമ്മീഷൻ ചർച്ച നടത്തി.