കോൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ മരിച്ചനിലയിൽ
Saturday, August 10, 2024 2:13 AM IST
കോൽക്കത്ത: കോൽക്കത്തയിലെ സർക്കാർ ആശുപത്രിയുടെ സെമിനാർ ഹാളിൽ യുവ വനിതാ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി.
ആർജെ കാർ മെഡിക്കൽ കോളജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗം രണ്ടാം വർഷ പിജി വിദ്യാർഥിനിയെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. അർധനഗ്നമായിരുന്നു മൃതദേഹം. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ജൂണിയർ വിദ്യാർഥികളുമായി അത്താഴംകഴിച്ച ശേഷം പുലർച്ചെ രണ്ടിനു സെമിനാർ ഹാളിലേക്ക് വിശ്രമിക്കാൻ പോയതായിരുന്നു.
രാവിലെ അവരുടെ മൃതദേഹമാണ് കാണുന്നതെന്ന് ആശുപത്രിയിലെ ഡോക്ടർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രാത്രിയിൽ യുവതിക്കൊപ്പം ജോലി ചെയ്ത ഡോക്ടർമാരെയും നഴ്സുമാരെയും പോലീസ് ചോദ്യം ചെയ്തു.