ബംഗ്ലാദേശ് കലാപം: നുഴഞ്ഞുകയറ്റ ശ്രമം തുടരുന്നു
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നു കലാപഭൂമിയായ ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്കു കടക്കാൻ അതിർത്തിയിൽ ശ്രമം. ഹിന്ദുക്കളുൾപ്പെടെ ന്യൂനപക്ഷവിഭാഗങ്ങൾക്കുനേരേ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ നൂറുകണക്കിനു പേരാണ് അതിർത്തിയിലെത്തുന്നത്.
പശ്ചിമബംഗാളിലെ കുച്ച്ബെഹർ ജില്ലയിലെ സിതാൽകുച്ചി അതിർത്തിയിൽ ഇതേത്തുടർന്ന് സംഘർഷാവസ്ഥ തുടരുകയാണ്. വേലികെട്ടി തിരിച്ചിരിക്കുന്ന അതിർത്തിയിലെ ബംഗ്ലാദേശ് ഭാഗത്ത് നൂറുകണക്കിനു പേരാണ് തടിച്ചുകൂടിയിരിക്കുന്നത്.
ഇന്ത്യൻ ഭാഗത്ത് ബിഎസ്എഫ് ജവാന്മാർ ജാഗ്രത തുടരുന്നതിനാൽ ആളുകൾക്ക് അതിർത്തി മറികടക്കാൻ കഴിയുന്നില്ല. മണിക്കൂറുകളോളം ആളുകൾ മേഖലയിൽ നിലയുറപ്പിച്ചാണ് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്.
ബംഗ്ലാദേശ് അതിർത്തിസംരക്ഷണ വിഭാഗമായ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് ഇവരെ പ്രദേശത്തുനിന്നു നീക്കിയെന്ന് ബിഎസ്എഫ് കേന്ദ്രങ്ങൾ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിലെ ഹിന്ദുക്കളാണ്.
അതിനിടെ അഭയാർഥിപ്രവാഹം ഉൾപ്പെടെ കണക്കിലെടുത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കാനായി കേന്ദ്രസർക്കാർ ഉന്നതതല സമിതിക്കു രൂപം നൽകി. ബിഎസ്എഫിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ അധ്യക്ഷതയിലാണു സമിതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
സമിതി അംഗങ്ങൾ ബംഗ്ലാദേശ് അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അമിത് ഷാ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. ബിഎസ്എഫ് ഈസ്റ്റേണ് കമാൻഡ് എഡിജി സമിതിക്ക് നേതൃത്വം നൽകും.
ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താൻ ബംഗ്ലാദേശ് അധികൃതരുമായി സമിതി ആശയവിനിമയം നടത്തും.
അതേസമയം, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മേഖലയിലെന്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ 1200-ഓളം വരുന്ന തടവുകാർ വിവിധ ജയിലുകളിൽനിന്നു രക്ഷപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അതിർത്തി സുരക്ഷാ സേനയെ അറിയിച്ചു. ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യതയുണ്ടെന്നും വാർത്തകൾ ശക്തമാണ്.
കലാപത്തിന്റെ മറവിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷെർപുർ ജയിലിൽനിന്ന് 518 തടവുകാരും ചൊവ്വാഴ്ച ജയിൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി ഗാസിപുരിലെ കാഷിംപുർ അതിസുരക്ഷാ സെൻട്രൽ ജയിലിൽനിന്ന് 209 തടവുകാരും രക്ഷപ്പെട്ടിരുന്നു.
കാഷിംപുർ ജയിൽ ചാടാൻ ശ്രമിച്ച തടവുകാർക്കുനേരേ ജയിൽ ഗാർഡുമാർ വെടിവച്ചതിനെത്തുടർന്ന് ആറു പേർ കൊല്ലപ്പെട്ടിരുന്നു.