വയനാട് മുന്നറിയിപ്പ്: അമിത് ഷായ്ക്കെതിരേ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: മുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടലിനെക്കുറിച്ച് കേരളസർക്കാരിന് ഒന്നിലേറെ തവണ മുന്നറിയിപ്പു നൽകിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പാർലമെന്റിലെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയ്ക്കെതിരേ അവകാശലംഘനത്തിന് കോണ്‍ഗ്രസ് നോട്ടീസ് നൽകി.
രാജ്യസഭയിൽ മന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്ന് ഇംഗ്ലീഷ് ദിനപത്രമടക്കം നടത്തിയ വസ്തുതാപരിശോധനയിൽ വ്യക്തമായതിനാൽ നടപടി വേണമെന്ന് രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനു നൽകിയ പരാതിയിൽ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയ്റാം രമേശ് എംപി ആവശ്യപ്പെട്ടു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് കഴിഞ്ഞ ബുധനാഴ്ച രാജ്യസഭയിൽ നടന്ന ശ്രദ്ധക്ഷണിക്കൽ ചർച്ചയ്ക്കു മറുപടി പറയുന്പോഴാണ് കേരളസർക്കാരിന് മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് അമിത് ഷാ തീയതിസഹിതം പറഞ്ഞത്.
എന്നാൽ ആഭ്യന്തരമന്ത്രി പറയുന്നതുപോലുള്ള മുന്നറിയിപ്പല്ല ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്നു തന്നെ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
ഷായുടെ അവകാശവാദം തെറ്റാണെന്ന് പിന്നീട് ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വസ്തുതാ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.