മുംബൈ-ഹൗറ മെയിൽ പാളം തെറ്റി; രണ്ടു മരണം
Wednesday, July 31, 2024 3:19 AM IST
റാഞ്ചി: മുംബൈ-ഹൗറ മെയിൽ പാളം തെറ്റിയുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.
ജാർഖണ്ഡിലെ സെറെയ്കേല-ഖർസവൻ ജില്ലയിൽ ബഡാബാംബുവിന് സമീപം ഇന്നലെ പുലർച്ചെ 3.45 നായിരുന്നു സംഭവം. ട്രെയിനിന്റെ 18 കോച്ചുകളാണ് പാളം തെറ്റിയത്. ഇരുപതിലധികം പേർക്ക് പരിക്കേറ്റതായി റെയിൽവേ അധികൃതർ അറിയിച്ചു.
സമീപത്ത് മറ്റൊരു ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതായി എസ്ഇആർ വക്താവ് ഓം പ്രകാശ് ചരണ്‍ പറഞ്ഞു. രണ്ട് അപകടങ്ങളും ഒരേസമയം സംഭവിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. പാളം തെറ്റിയ ഹൗറ-മുംബൈ ട്രെയിൻ ഗുഡ്സ് ട്രെയിനിൽ ഇടിച്ചതായാണു റിപ്പോർട്ട്.
അപകടത്തെക്കുറിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും, നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തെത്തുടർന്ന് ഈ റൂട്ടിലെ നിരവധി ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.