യുപിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 120 മരണം
Wednesday, July 3, 2024 1:39 AM IST
ഹാത്രസ്: ഉത്തർപ്രദേശിലെ ഹാത്രസിൽ മതചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 120 പേർ മരിച്ചു. പുൽറായി ഗ്രാമത്തിൽ സത്സംഗ് (പ്രാർഥനായോഗം) ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്.
ചടങ്ങിനു വൻ ജനക്കൂട്ടമെത്തിയതാണ് അപകടത്തിലേക്കു നയിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളാണ്. മൂന്നു കുട്ടികളും മരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഫിന്റെ മെഡിക്കൽ ടീം എത്തിയിട്ടുണ്ട്.
ചടങ്ങിന്റെ സംഘാടകർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നു യുപി സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്കി. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
ഹാത്രസ്, ഇട്ടാ ജില്ലകളിലുള്ളവരാണു മരിച്ചത്. ട്രക്കുകളിലും ടെംന്പോകളിലും കാറിലുമാണു മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളിൽ ആവശ്യത്തിനു ഡോക്ടർമാരോ ഓക്സിജൻ സൗകര്യമോ ഇല്ലെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ നിരവധിപ്പേരെ ഗവ. ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനു സഹായിക്കാൻ ഇന്ത്യ മുന്നണി പ്രവർത്തകരോട് രാഹുൽ അഭ്യർഥിച്ചു.
ഭോലെ ബാബയെ ആദരിക്കൽ ചടങ്ങ്
പ്രദേശത്തുകാരനായ ഭോലെ ബാബയെ ആദരിക്കാനായി സംഘടിച്ചതായിരുന്നു സത്സംഗ്. ചടങ്ങ് അവസാനിച്ചപ്പോൾ ഭോലെ ബാബയുടെ ദർശനത്തിനായി ഭക്തർ തിരക്കു കൂട്ടിയപ്പോഴായിരുന്നു അപകടം.
ബാബയുടെ കാൽ പതിഞ്ഞ മണ്ണ് ശേഖരിക്കാനും ഭക്തർ ശ്രമിച്ചു. ഭോലെ ബാബയുടെ കാർ കടന്നുപോകുന്നതു വരെ ജനക്കൂട്ടം പോകരുതെന്നു നിർദേശിച്ചിരുന്നതായി സംഘാടകർ പറഞ്ഞു.