ഐസ്ക്രീമിൽ വിരൽ ജീവനക്കാരന്റേതെന്നു സംശയം
Thursday, June 20, 2024 2:38 AM IST
മുംബൈ: ഓണ്‍ലൈനിലൂടെ വാങ്ങിയ ഐസ്ക്രീമില് മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തിൽ നിര്‍ണായക വഴിത്തിരിവ്. നിർമാണസമയത്ത് ഐസ്ക്രീം ഫാക്ടറി ജീവനക്കാരന്റെ വിരലിനു പരിക്കേറ്റിരുന്നുവെന്നു പോലീസ് കണ്ടെത്തുകയായിരുന്നു.
പൂനയിലെ യമ്മോ കന്പനി നിർമിച്ച ഐസ്ക്രീമിലാണു മനുഷ്യവിരൽ കണ്ടെത്തിയത്. ഐസ്ക്രീം പായ്ക്ക്്ചെയ്ത ദിവസം കന്പനി ജീവനക്കാരനായ ഓം കാർ പോറ്റിയുടെ വിരലിനു പരിക്കേറ്റുവെന്നു വ്യക്തമായതോടെ ഡിഎൻഎ പരിശോധനയിലൂടെ ശാസ്ത്രീയതെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. പരിശോധനാഫലം ലഭിച്ചശേഷമേ സ്ഥിരീകരണം ഉണ്ടാകൂ എന്നും പോലീസ് വ്യക്തമാക്കി.
കന്പനിക്കെതിരേ ഭക്ഷണത്തിൽ മായം ചേർക്കൽ, മനുഷ്യജീവനു അപകടമുണ്ടാക്കി തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. യെമ്മോ എന്ന പേരിൽ ഐസ്ക്രം നിർമിക്കുന്ന ഇന്ദപുരിലെ ഫോർച്യൂൺ ഡയറി ഫാക്ടറിയുടെ ലൈസൻസ് കേന്ദ്രസർക്കാർ സംവിധാനമായ എഫ്എസ്എസ്എഐ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.