ട്രാവലർ വാൻ നദിയിലേക്കു മറിഞ്ഞ് 12 മരണം
Sunday, June 16, 2024 2:08 AM IST
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ വിനോദസഞ്ചാരികളുടെ ട്രാവലർ നിയന്ത്രണംവിട്ട് 250 മീറ്റർ താഴ്ചയുള്ള നദിയിലേക്കു വീണ് 12 പേർ മരിച്ചു. ബദരിനാഥ് ദേശീയപാതയിൽ രുദ്രപ്രയാഗിൽ ശനിയാഴ്ച 11 മണിയോടെയുണ്ടായ അപകടത്തിൽ 14 പേർക്കു പരിക്കേറ്റു.
നിയന്ത്രണംവിട്ട ട്രാവലർ റോഡിൽനിന്ന് തെന്നിമാറി അളകനന്ദ നദിയിലേക്കു വീഴുകയായിരുന്നു. 26 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. ഭൂരിഭാഗവും ഡൽഹി സ്വദേശികളാണ്.
ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ എയർ ആംബുലൻസിൽ ഋഷികേശിലെ എയിംസിലേക്കു മാറ്റി. ആറുപേർ രുദ്രപ്രയാഗ് ജില്ലാ ആശുപത്രിയിലാണ്.