ഇന്ത്യ സഖ്യം എന്തുകൊണ്ട് പ്രതിപക്ഷത്ത്
Friday, June 7, 2024 3:03 AM IST
ബിജെപി നയിക്കുന്ന സഖ്യസർക്കാരിന് വലിയ ആയുസ് കാണില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷ ഇന്ത്യ സഖ്യം. അതിനാലാണു സർക്കാർ രൂപീകരിക്കാൻ ശ്രമിക്കാതെ പ്രതിപക്ഷത്തു തന്നെ തുടരാൻ തീരുമാനിച്ചത്.
ടിഡിപിയും ജെഡി-യുവും പോലുള്ള എങ്ങോട്ടും മറിയുന്ന സഖ്യകക്ഷികളുമായി ബിജെപിക്ക് മുന്നോട്ടുപോകാൻ സാധിക്കില്ല. സഖ്യകക്ഷി സർക്കാർ അധികാരത്തിൽ ഇരിക്കുന്പോൾ പ്രതിപക്ഷത്തിന് മികച്ച രീതിയിൽ പ്രകടനം നടത്താൻ സാധിക്കും.
സഖ്യകക്ഷി സർക്കാർ രൂപീകരിച്ച് അതിന്റെ തലവേദന ഏറ്റെടുക്കാൻ കോണ്‍ഗ്രസിനു താത്പര്യമില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന ഇന്ത്യ മുന്നണി യോഗത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.
അതേസമയം, പശ്ചിമബംഗാളിൽനിന്നുള്ള മൂന്ന് എംപിമാർ തനിക്കൊപ്പം വരുമെന്നും ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കാൻ ശ്രമിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കണമെന്ന ഉദ്ധവ് താക്കറുടെ നിലപാടിനെ മമത ബാനർജി പിന്താങ്ങുകയും ചെയ്തിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചാൽ രൂപീകരിക്കണമെന്ന നിലപാടിലാണ് ആർജെഡി.