നയിക്കാൻ മോദി; സത്യപ്രതിജ്ഞ ശനിയാഴ്ച
Thursday, June 6, 2024 2:37 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാം വട്ടം ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) എംപിമാരുടെ യോഗം പാർലമെന്റിന്റെ സെന്റർ ഹാളിൽ നാളെ ചേരും. അന്നുതന്നെ സർക്കാർ രൂപികരിക്കാനുള്ള അവകാശം രാഷ്ട്രപതിയെ കണ്ട് നരേന്ദ്ര മോദി അറിയിക്കും.
ഇന്നലെ നരേന്ദ്ര മോദിയുടെ ഔദ്യോഗികവസതിയിൽ ചേർന്ന എൻഡിഎ നേതാക്കളുടെ യോഗം പുതിയ സർക്കാരിനുള്ള പിന്തുണ ഉറപ്പുവരുത്തി. യോഗത്തിൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ നേതാവായി തെരഞ്ഞെടുത്തു.
18-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 240 സീറ്റും എൻഡിഎക്ക് 292 സീറ്റുകളുമാണ് ലഭിച്ചത്. തെലുങ്കുദേശം പാർട്ടി (ടിഡിപി) ക്ക് 16ഉം ജനതാദൾ യുണൈറ്റഡി (ജെഡി-യു)ന് 12ഉം സീറ്റ് ലഭിച്ചിട്ടുണ്ട്.
ഇന്നലെ ചേർന്ന യോഗത്തിൽ എൻഡിഎ സഖ്യ നേതാക്കളിൽനിന്ന് മോദി 3.0 സർക്കാരിനുള്ള പിന്തുണ എഴുതി ഒപ്പിട്ടു വാങ്ങി. എൻഡിഎ സർക്കാരിനെ പിന്തുണയ്ക്കുന്നതായി ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ബിഹാർ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ് കുമാറും പറഞ്ഞു.
സഖ്യ സർക്കാരിൽ പ്രമുഖ കാബിനറ്റ് വകുപ്പുകൾ വേണമെന്ന് നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. ടിഡിപി മൂന്ന് കാബിനറ്റ് സ്ഥാനവും സ്പീക്കർ സ്ഥാനവും ജെഡി-യു മൂന്ന് കാബിനറ്റ് സ്ഥാനവും ബിഹാറിനു പ്രത്യേക പദവിയും ശിവസേന ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിസ്ഥാനവും എൽജെപി ആർവി ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രിസ്ഥാനവും എച്ച്എഎംഎസ് ഒരു കാബിനറ്റ് പദവിയും യോഗത്തിൽ ആവശ്യപ്പെട്ടു.
അനുകൂല സമീപനമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിവരം. സഖ്യകക്ഷികൾ ഇന്ത്യ മുന്നണിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ സാധ്യതയുള്ളതിനാൽ എന്തു വിട്ടുവീഴ്ചയ്ക്കും ബിജെപി തയാറാണ്.
നാളെ രാവിലെ പതിനൊന്നിന്ന് എൻഡിഎ എംപിമാരുടെ യോഗം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേരും. ഇതിനുശേഷം എംപിമാരുടെ പിന്തുണയുള്ള കത്തുമായി നരേന്ദ്ര മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശം ഉന്നയിക്കും. രാഷട്രപതിയുടെ അംഗീകാരത്തിനുശേഷം ശനിയാഴ്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും.
സർക്കാർ രൂപീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും വേഗം വേണമെന്നും നിതീഷ് കുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. സർക്കാർ രൂപീകരിക്കുന്നതിന് ഇന്നലെത്തന്നെ രാഷ്ട്രപതിയെക്കണ്ട് അവകാശവാദമുന്നയിക്കാനാണ് ബിജെപി ആദ്യം ആലോചിച്ചിരുന്നത്. അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും നേതൃത്വത്തിൽ രാഷ്ട്രപതിയെ കാണാനായിരുന്നു തീരുമാനം. എന്നാൽ, എൻഡിഎ യോഗത്തിനുശേഷം തീരുമാനം മാറ്റുകയായിരുന്നു.
നരേന്ദ്ര മോദി രാജിവച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ രാവിലെ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം 17-ാം ലോക്സഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കി. ഉച്ചയ്ക്ക് രണ്ടോടെ രാഷ്ട്രപതി ഭവനിൽ എത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് കൈമാറി. രാഷ്ട്രപതി രാജിക്കത്ത് സ്വീകരിച്ചു.
ബിജെപിക്ക് കൂട്ട് ഇവർ
എൻഡിഎ- 292
ബിജെപി - 240
ടിഡിപി - 16
ജെഡി-യു - 12
ശിവസേന - 7
എൽജെപിആർവി - 5
ജനസേന പാർട്ടി - 2
ജെഡിഎസ് - 2
ആർഎൽഡി -2
ജെഐസ്യുപി -1
അപ്നാ ദൾ -1
ആസാം ഗണപരിഷത്- 1
എൻസിപി - 1
എസ്കെഎം -1
യുപിപിഎൽ -1