ബംഗ്ലാദേശ് എംപിയുടെ കൊലപാതകം; കാരണം ലാഭവിഹിതത്തിലെ തര്‍ക്കം?
Monday, May 27, 2024 2:28 AM IST
കോല്‍ക്കത്ത: ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപി അന്‍വാറുള്‍ അസിം അനാറിന്റെ കൊലപാതകത്തിനു പിന്നില്‍ സ്വര്‍ണക്കടത്തിലെ ലാഭവിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കമെന്നു സൂചന. ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പശ്ചിമബംഗാൾ പോലീസാണ് ഈ സംശയം ഉന്നയിച്ചിരിക്കുന്നത്.
ബംഗ്ലാദേശിൽനിന്ന് കോൽക്കത്ത വഴി ഇന്ത്യയിലേക്കു സ്വർണംകടത്തുന്നതിൽ എംപിക്കു പങ്കാളിത്തമുണ്ടായിരുന്നുവെന്നാണു ലഭ്യമാകുന്ന വിവരങ്ങൾ.
ബംഗ്ലാദേശ് വംശജനായ യുഎസ് പൗരൻ അക്തറുസ്സമാൻ ഷഹീന്റെ നേതൃത്വത്തിലുള്ള ഇടപാടിലാണ് എംപിക്കും പങ്കാളിത്തമുണ്ടായിരുന്നത്.
ലാഭവിഹിതം പങ്കിടുന്നതിനെച്ചൊല്ലി നാളുകളായി തുടർന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്നാണ് ബംഗ്ലാദേശിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.
അക്തറുസ്സമാൻ ദുബായിൽനിന്ന് ബംഗ്ലാദേശിലേക്ക് സ്വർണം എത്തിക്കും. അവിടെനിന്നും സ്വർണക്കട്ടികൾ ഇന്ത്യയിലെത്തിച്ചത് എംപിയും സംഘവുമായിരുന്നു. കൂടുതൽ ലാഭവിഹിതം വേണമെന്ന് അൻവാറുൾ അസീം ആവശ്യപ്പെട്ടുവെങ്കിലും അക്തറുസ്സമാൻ വഴങ്ങിയിരുന്നില്ല.
തർക്കം തുടരുന്നതിനിടെ 80 കോടിയോളം രൂപവരുന്ന സ്വർണം എംപി കൈവശം വച്ചു. അക്തറുസ്സ്മാൻ ദുബായിൽ നിന്ന് എത്തിച്ച ഈ സ്വർണത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതു കൊലപാതകം ആസൂത്രണം ചെയ്യുന്നതിനു കാരണമായി.
സ്വർണക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് നിരവധി വ്യക്തികൾക്കും കൊലപാതകത്തിൽ പങ്കുള്ളതായി സംശയമുണ്ട്. 2014ൽ ആദ്യമായി എംപിയായതോടെയാണ് ജനൈദ മേഖലകേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിന്റെ നേതൃത്വം അൻവാറുൾ അസീം നേരിട്ട് ഏറ്റെടുത്തത്. അതുവരെ ഒപ്പമുണ്ടായിരുന്ന ഒരു നേതാവിനെയും രണ്ട് വ്യവസായികളെയും ഒഴിവാക്കുകയും ചെയ്തു. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്നകാര്യം അന്വേഷിക്കുന്നുണ്ട്.
ഈ വർഷം ഫെബ്രുവരിയിലും ഏപ്രിലിലും അസീമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ബംഗ്ലാദേശിലെ അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെത്തി കൊലപാതകം നടത്തിയ മൂന്നുപേരെ സംഘം അറസ്റ്റ്ചെയ്തിട്ടുണ്ട്. എംപിയെ ഹണിട്രാപ്പിൽ കുരുക്കിയ ഷിലാസ്തി റഹ്മാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്തറുസ്സമാനെ തിരിച്ചെത്തിക്കുന്നതിന് ഇന്റർപോളിന്റെ സഹായം തേടുമെന്ന് ബംഗ്ലാദേശ് പോലീസ് അറിയിച്ചു. അന്വേഷണത്തിനായി കോൽക്കത്തയിലേക്കു തിരിക്കാൻ ഹസ്റത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ധാക്ക മെട്രോപോളിറ്റൻ പോലീസ് രഹസ്യാന്വേഷണവിഭാഗം തലവൻ മുഹമ്മദ് ഹാരുൺ മാധ്യമപ്രവർത്തകരെ അറിയിച്ചതാണിക്കാര്യം.