ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിനു മുസ്ലിം സ്ഥാനാർഥികളില്ല
Monday, May 6, 2024 5:07 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിനു മുസ്ലിം സ്ഥാനാർഥികളില്ല. 1977നുശേഷം ആദ്യമായാണ് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ മുസ്ലിംകളെ ഉൾപ്പെടുത്താത്തത്. ഭാറൂച്ച് ലോക്സഭാ സീറ്റിലാണ് കോൺഗ്രസ് സാധാരണയായി മുസ്ലിംകളെ മത്സരിപ്പിക്കുന്നത്. ഇത്തവണ ഭാറൂച്ച് സീറ്റ് എഎപിക്കു നല്കി.
ദേശീയ പാർട്ടികളിൽ ബിഎസ്പി മാത്രമാണ് മുസ്ലിം സ്ഥാനാർഥിയെ നിർത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനവിധി തേടുന്ന ഗാന്ധിനഗറിലാണ് ബിഎസ്പിയുടെ മുസ്ലിം സ്ഥാനാർഥിയുള്ളത്. 35 മുസ്ലിംകൾ വിവിധ മണ്ഡലങ്ങളിലായി ഇത്തവണ ഗുജറാത്തിൽ മത്സരിക്കുന്നുണ്ട്.
ഇവരിലേറെയും സ്വതന്ത്രരും ചെറു പാർട്ടികളുടെ പ്രതിനിധികളുമാണ്. 2019ൽ 43 മുസ്ലിം സ്ഥാനാർഥികൾ മത്സരിച്ചിരുന്നു.
മുസ്ലിം വോട്ട് നല്ല തോതിലുള്ള അഹമ്മദാബാദ് വെസ്റ്റ്, കച്ച് മണ്ഡലങ്ങൾ പട്ടികജാതി സംവരണ സീറ്റുകളാണ്. ഭാറൂച്ചിനു പുറമേ നവ്സാരി, അഹമ്മദാബാദ് മണ്ഡലങ്ങളിൽ മുന്പ് മുസ്ലിം സ്ഥാനാർഥികളെ കോൺഗ്രസ് മത്സരിപ്പിച്ചിരുന്നു.
1977ൽ ഗുജറാത്തിൽനിന്നു രണ്ടു മുസ്ലിംകൾ ലോക്സഭയിലെത്തി. എഹ്സാൻ ജഫ്രി (അഹമ്മദാബാദ്), അഹമ്മദ് പട്ടേൽ (ഭാറൂച്ച്) എന്നിവരാണവർ. പട്ടേൽ 1980ലും 1984ലും വിജയിച്ചു. 1984നു ശേഷം ഗുജറാത്തിൽനിന്നു മുസ്ലിം സ്ഥാനാർഥികൾ ലോക്സഭയിലെത്തിയിട്ടില്ല. അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ പട്ടേലും മുംതാസ് പട്ടേലും ഭാറൂച്ച് സീറ്റിന് അവകാശമുന്നയിച്ചിരുന്നു. എന്നാൽ എഎപിക്കാണ് സീറ്റ് നല്കിയത്.