രാജീവ്ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു
Thursday, February 29, 2024 1:47 AM IST
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ (ടി. സുതേന്ദിരരാജ-55) മരിച്ചു.
ഗുരുതരമായ കരൾ രോഗം ബാധിച്ച് ജനുവരി 27 മുതൽ ചെന്നൈയിൽ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്കു പോകാനിരിക്കേയാണ് മരണം.
ഇന്നലെ പുലർച്ചെ നാലോടെ ഹൃദയാഘാതം ഉണ്ടാകുകയും രാവിലെ 7.50 ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രി ഡീൻ ഇ. തേരണിരാജൻ അറിയിച്ചു. മൃതദേഹം ശ്രീലങ്കയിലേക്ക് അയയ്ക്കുന്നതിനുള്ള നിയമപരമായ ക്രമീകരണങ്ങൾ നടന്നുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായമായ അമ്മയെ കാണുന്നതിനായി ശ്രീലങ്കയിലേക്ക് തിരിച്ചുപോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് ഇരു സർക്കാരുകൾക്കും ശാന്തൻ അപേക്ഷ നൽകിയിരുന്നു.
ഇതേത്തുടർന്ന്, ദിവസങ്ങൾക്ക് മുന്പ് ശാന്തനു ശ്രീലങ്കയിലേക്കു മടങ്ങിപ്പോകാൻ കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു.