പുതിയ പാർലമെന്റിൽ പുതിയ യൂണിഫോം; യൂണിഫോമിൽ കാക്കിയും താമരയും
സെബിൻ ജോസഫ്
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: പുതിയ മന്ദിരത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്പോൾ ജീവനക്കാർക്ക് പുതിയ യൂണിഫോം. യൂണിഫോമിൽ കാക്കിയും താമരയും ഇടം പിടിച്ചു. ക്രീം കളർ ജാക്കറ്റും കാക്കി പാന്റ്സും താമര പ്രിന്റ് ചെയ്ത ഷർട്ടുമാണ് യൂണിഫോം. ലിംഗസമത്വം ഉറപ്പുവരുത്തുന്ന യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ്.
18ന് അഞ്ചു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കും. പഴയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിക്കുന്ന സമ്മേളനം വിനായക ചതുർഥി ദിനമായ 19ന് പ്രത്യേക പൂജ നടത്തി പുതിയ പാർലമെന്റിലേക്കു മാറും. ബന്ദഗാല സ്യൂട്ടിനു പകരമാണ് ജീവനക്കാർക്ക് പുതിയ യൂണിഫോം. മണിപ്പുരി തലപ്പാവും കന്നഡ തലപ്പാവും രാജ്യസഭയിലെയും ലോക്സഭയിലെയും മാർഷൽമാരുടെ യൂണിഫോമിന്റെ ഭാഗമാകും. പാർലമെന്റിലെ സുരക്ഷാ ജീവനക്കാർക്ക് കമാൻഡോ പരിശീലനം നൽകുകയും അവരുടെ സഫാരി സ്യൂട്ടിനുപകരം സൈനിക യൂണിഫോമിലേക്ക് മാറുകയും ചെയ്യും.
പാർലമെന്റിലെ 271 ജീവനക്കാർക്കും കഴിഞ്ഞ ആറിന് പുതിയ യൂണിഫോം കൈമാറി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു സമ്മേളനം മാറുന്പോൾ പുതിയ യൂണിഫോമിൽ എത്തണമെന്നാണു നിർദേശം.
അതേസമയം, ബിജെപിയുടെ ചിഹ്നമായ താമര പാർലമെന്റ് ജീവനക്കാരുടെ പുതിയ യൂണിഫോമിൽ പ്രിന്റ് ചെയ്തതിനെതിരേ പ്രതിഷേധവുമായി കോണ്ഗ്രസ് രംഗത്തെത്തി. എന്തുകൊണ്ട് കടുവയുടെ ചിത്രം യൂണിഫോമിൽ പ്രിന്റ് ചെയ്തില്ലെന്ന് കോണ്ഗ്രസ് എംപി മണിക്കം ടാഗോർ എക്സ് പ്ലാറ്റ്ഫോമിൽ ചോദിച്ചു. കടുവ ദേശീയ മൃഗമല്ലേ, ദേശീയ പക്ഷിയായ മയിലിനെയും എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല-അദ്ദേഹം ചോദിച്ചു.
പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിൽ താമര പതിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിൽ രാഷ്ട്രീയവേദിയാക്കിയെന്ന് എൻസിപി വക്താവ് ക്ലൈഡ് കാസ്ട്രോ പറഞ്ഞു. ജി 20 ഉച്ചകോടി വേദിയിലും താമര ചിഹ്നത്തിന് പ്രാധാന്യം നല്കിയിരുന്നു. ഇതിനെക്കുറിച്ചു ചോദ്യമുന്നയിച്ചാൽ താമര ദേശീയ പുഷ്പമാണെന്നാണ് ബിജെപിയുടെ വാദമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ടെങ്കിലും അജൻഡ എന്താണെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇതിൽ പ്രതിപക്ഷത്തിന് പ്രതിഷേധമുണ്ട്. ഇതിനിടെയാണ് യൂണിഫോം പരിഷ്കാരം ഉൾപ്പെടെ നടത്തിയത്. മേയ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.