പാക് അധിനിവേശ കാഷ്മീർ ഉടൻ ഇന്ത്യയിൽ ലയിക്കുമെന്ന് മന്ത്രി സിംഗ്
ജോർജ് കള്ളിവയലിൽ
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ അധിനിവേശ കാഷ്മീർ (പിഒകെ) താമസിയാതെ ഇന്ത്യയുമായി ലയിക്കുമെന്ന് കരസേനാ മുൻ മേധാവിയും കേന്ദ്രമന്ത്രിയുമായ ജനറൽ വി.കെ. സിംഗ്. “പിഒകെ സ്വന്തം നിലയിൽ ഇന്ത്യയുമായി ലയിക്കും. കുറച്ചുസമയം കാത്തിരിക്കുക’’-രാജസ്ഥാനിലെ ദൗസയിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി സിംഗ് പറഞ്ഞു.
പാക് അധിനിവേശ കാഷ്മീരിലെ ഷിയ മുസ്ലിംകൾക്ക് ഇന്ത്യയിലേക്കു വരാനായി അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നടത്തുന്ന പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെയാണു ദൗസയിൽ സിംഗ് വാർത്താസമ്മേളനം നടത്തിയത്.
അതേസമയം, രാജ്യത്തിന്റെ തന്നെ ഭാഗമായ പാക് അധിനിവേശ കാഷ്മീരിന്റെ ലയനത്തെക്കുറിച്ച് കേന്ദ്രമന്ത്രിതന്നെ സംസാരിക്കുന്നത് കടുത്ത രാജ്യനിന്ദയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു. പാക് അധിനിവേശ കാഷ്മീർ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കേന്ദ്രമന്ത്രിയുടേത് രാജ്യനിന്ദാപരമായ പ്രസ്താവനയാണ്. നമ്മുടെ മാതൃരാജ്യത്തിന്റെ ഭാഗമാണിത്. ഒരു വ്യത്യാസവുമില്ല. ഇന്ത്യയോടൊപ്പമായിരുന്നു ആ പ്രദേശം. അതങ്ങനെ തുടരുകയും ചെയ്യും- കോണ്ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു.
ഇന്ത്യൻ യൂണിയന്റെ ഭാഗമായ പിഒകെ പ്രദേശം ഇന്ത്യയിൽ ലയിപ്പിക്കുമെന്നു പറയാൻ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നുവെന്നും കോണ്ഗ്രസ് വക്താവ് ചോദിച്ചു.
കേന്ദ്രമന്ത്രിസഭയിലെ റോഡ് ഗതാഗത, സിവിൽ ഏവിയേഷൻ വകുപ്പുകളുടെ സഹമന്ത്രിയായ ജനറൽ വി.കെ. സിംഗ് 2012 മേയ് വരെ കരസേനാ മേധാവിയായിരുന്നു. യുപിഎ ഭരണകാലത്ത് തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് ജനനത്തീയതി സംബന്ധിച്ച വിവാദത്തെത്തുടർന്ന് കേന്ദ്രസർക്കാരിനെതിരേ കോടതിയെ സമീപിച്ച് നിയമനടപടിക്കു മുതിർന്ന സേനാധിപൻ കൂടിയാണ് സിംഗ്.