നൂഹ് കലാപം: ബജ്രംഗ് ദൾ നേതാവ് മോനു മനേസർ അറസ്റ്റിൽ
Wednesday, September 13, 2023 2:47 AM IST
ഗുരുഗ്രാം: ഹരിയാന നൂഹ് ജില്ലയിൽ ജൂലൈയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ബജ്രംഗ് ദൾ നേതാവ് മോനു മനേസറിനെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ രാജസ്ഥാൻ പോലീ സിനു കൈമാറി. ഗുരുഗ്രാമിലെ മനേസറിൽനിന്നാണ് മോഹിത് യാദവ് എന്ന മോനു മനേസറെ പിടികൂടിയത്. വിഎച്ച്പിയുടെ ബ്രിജ് മണ്ഡൽ ജലാഭിഷേക് ഘോഷയാത്രയിൽ പങ്കെടുക്കാൻ ജനങ്ങളോട് പങ്കെടുക്കാൻ മോനു ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു. നൂഹിൽ ഘോഷയാത്രയ്ക്കിടെയുണ്ടായ ആക്രമണങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടു. കലാപം സമീപജില്ലകളിലേക്കും വ്യാപിച്ചു.
ഹരിയാനയിലെ ഭിവാനി ജില്ലയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നസീർ(25), ജുനൈദ്(35) എന്നിവരെ കത്തിയ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ മോനു മനേസറിനെതിരേ രാജസ്ഥാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാജസ്ഥാനിലെ ഭരത്പുർ സ്വദേശികളായ നസീറിനെയും ജുനൈദിനെയും ഗോരക്ഷകർ ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു.