തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹർജി നിലനിൽക്കുമെന്ന്
സ്വന്തം ലേഖകൻ
Wednesday, September 13, 2023 2:47 AM IST
ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീംകോടതി. സിപിഎം സ്ഥാനാർഥിയായ എം. സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എന്നാൽ ഹർജി എത്രയും വേഗത്തിൽ തീർപ്പാക്കണമെന്ന് സ്വരാജിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിധി പറയുന്ന ഘട്ടത്തിൽ നിയമസഭയുടെ കാലാവധി പൂർത്തിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.
എതിർ സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായ കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ചുവെന്നായിരുന്നു ആരോപണം.