വീട് വിൽക്കാൻ തടസം നിന്നതിന് സുപ്രീംകോടതി അഭിഭാഷകയെ ഭർത്താവ് കൊലപ്പെടുത്തി
Tuesday, September 12, 2023 12:40 AM IST
ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷകയായ മധ്യവയസ്ക സ്വന്തം ബംഗ്ലാവിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു. 61കാരിയായ രേണു സിൻഹയാണു നോയിഡ സെക്ടർ 30ലെ ബംഗ്ലാവിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതിൻ നാഥ് സിൻഹ(62) യെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറായി വിരമിച്ചയാളാണ് പ്രതി. കൃത്യം നടത്തിയശേഷം ബംഗ്ലാവ് ഉള്ളിൽനിന്നു പൂട്ടി സ്റ്റോർ റൂമിൽ കയറി 24 മണിക്കൂറോളം ഒളിച്ചിരുന്ന പ്രതിയെ ഫോൺ ട്രാക്ക് ചെയ്താണു പോലീസ് പിടികൂടിയത്. ഞായറാഴ്ചയായിരുന്നു സംഭവം. മകൻ വിദേശത്തായതിനാൽ ബംഗ്ലാവിൽ രേണുവും ഭർത്താവും മാത്രമായിരുന്നു താമസം.ഇരുവരും താമസിക്കുന്ന വീട് വിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.
വീട് നാലു കോടി രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ച നിതിൻ നാഥ് അഡ്വാൻസും വാങ്ങിയിരുന്നു. എന്നാൽ, വില്പനയെ രേണു എതിർത്തു. ഇതേച്ചൊല്ലി നാളുകളായി ദന്പതികൾ തമ്മിൽ തർക്കത്തിലായിരുന്നു.