സമരം ഉപേക്ഷിക്കില്ല ജോലിയിൽ പ്രവേശിച്ച് ഗുസ്തിതാരങ്ങൾ
Tuesday, June 6, 2023 12:39 AM IST
ന്യൂഡൽഹി: ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലധികമായി സമരത്തിലായിരുന്ന ഗുസ്തിതാരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജോലിയിൽ തിരികെ പ്രവേശിച്ചു.
സമരത്തിനു നേതൃത്വം നൽകിയ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരാണ് ശനിയാഴ്ച രാത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്നലെ റെയിൽവേ യിൽ ജോലിയിൽ പ്രവേശിച്ചത്.
എന്നാൽ, ജോലിയിൽ പ്രവേശിച്ചതിനു കാരണം സമരം ഉപേക്ഷിച്ചതല്ലെന്നും ഉത്തരവാദിത്വം നിറവേറ്റുന്നതിനാണെന്നും ഗുസ്തിതാരങ്ങൾ വ്യക്തമാക്കി. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സാക്ഷി മാലിക് ഉൾപ്പെടെയുള്ള താരങ്ങൾ സമരത്തിൽനിന്നു പിന്മാറിയതായി വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് താരങ്ങളുടെ പ്രതികരണം.
ബ്രിജ് ഭൂഷണെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഗുസ്തിതാരങ്ങൾ വ്യക്തമാക്കി.