മണിപ്പുർ കലാപം: മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
Monday, June 5, 2023 12:31 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപത്തെത്തുറിച്ചുള്ള അന്വേഷണത്തിന് ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് അജയ് ലംബ തലവനായി മൂന്നംഗ കമ്മീഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചു.
മേയ് മൂന്നിന് മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച കലാപത്തിന്റെ കാരണവും കലാപം പടരാനിടയായ സാഹചര്യവും കമ്മീഷൻ അന്വേഷിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. റിട്ടയേഡ് ഐഎഎസ് ഓഫീസർ ഹിമാൻഷു ശേഖർ ദാസ്, റിട്ടയേഡ് ഐപിഎസ് ഓഫീസർ അലോക പ്രഭാകർ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ഇംഫാൽ ആണ് അന്വേഷണ കമ്മീഷന്റെ ആസ്ഥാനം. ആറു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കലാപത്തിൽ 80 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.