ജോലി തേടി തമിഴ്നാട്ടിലേക്കു യാത്ര തിരിച്ച മൂന്നു സഹോദരങ്ങൾക്കു ദാരുണാന്ത്യം
Monday, June 5, 2023 12:31 AM IST
ബറുയ്പുർ: ജോലി തേടി തമിഴ്നാട്ടിലേക്കു യാത്ര തിരിച്ച ബംഗാൾ സ്വദേശികളായ മൂന്നു സഹോദരങ്ങൾ ബാലസോർ അപകടത്തിൽ മരിച്ചു. സൗത്ത് 24 പർഗാനസ് ജില്ലക്കാരായ ഹരൻ ഗായേൻ (40), നിഷികാന്ത് ഗായേൻ (35), ദിബാകർ ഗായേൻ (32) എന്നിവർക്കാണു ദാരുണാന്ത്യമുണ്ടായത്. ചരണിഖാലി ഗ്രാമവാസികളാണിവർ.
തമിഴ്നാട്ടിൽ കൃഷിപ്പണി ചെയ്തിരുന്ന ഇവർ ഏതാനും ദിവസം മുന്പാണ് നാട്ടിലെത്തിയത്. തുടർന്ന് കൊറമാണ്ഡൽ എക്സ്പ്രസിൽ തമിഴ്നാട്ടിലേക്കു വരവേയായിരുന്നു അപകടം.
നിർധന കുടുംബത്തിന്റെ അത്താണികളായിരുന്നു മൂവരും. ഹരന്റെ ഭാര്യ രോഗിണിയാണ്. “എന്റെ അച്ഛനും അമ്മാവന്മാരും മരിച്ചു. ഞങ്ങളുടെ കുടുംബം തകർന്ന”-ഹരന്റെ മകൻ അവിജിത് വിലപിച്ചു. ഹരന്റെ രണ്ടു സഹോദരങ്ങളും വിവാഹിതരാണ്.
സൗത്ത് 24 പർഗാനസ് ജില്ലക്കാരായ 12 പേരാണ് ബാലസോർ അപകടത്തിൽ മരിച്ചത്. 110 പേർക്കു പരിക്കേറ്റു. 44 പേരെ കാണാതായി. ബാലസോർ അപകടത്തിൽ ബംഗാളുകാരായ 61 പേരാണു മരിച്ചു.