അമിത്ഷായ്ക്കു കത്തെഴുതി കായികതാരങ്ങൾ
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടു ഒളിന്പിക് താരം മീരഭായ് ചാനു ഉൾപ്പെടെ 11 കായികതാരങ്ങൾ ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തു നൽകി. ഏറ്റവും വേഗം മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ തങ്ങൾ മെഡലുകൾ മടക്കിനൽകുമെന്ന് ദേശീയ കായിക താരങ്ങൾ അടക്കമുള്ളവർ വ്യക്തമാക്കി.
പദ്മ അവാർഡ് ജേതാവും ഭാരോദ്വഹന താരവുമായ കുഞ്ചറാണി ദേവി, മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബേം ബേം ദേവി, ബോക്സർ എൽ. സരിതാ ദേവി എന്നിവരും കത്തെഴുതിയ താരങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ദേശീയ പാത-2 ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ഇതിനാൽ പല പ്രദേശങ്ങളിലും വിലക്കയറ്റം ജനജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. അവശ്യവസ്തുക്കളുടെ ദൗർലഭ്യതയുമുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ദേശീയപാത തുറന്നുകൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.