2000 രൂപ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം
Tuesday, May 23, 2023 12:47 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം. ഒരാൾക്ക് ക്യൂവിൽ നിന്ന് പത്തു നോട്ടുകൾ (20,000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക. പിന്നാലെ അതേ ക്യൂവിൽ വീണ്ടും ചേർന്ന് നോട്ട് മാറിയെടുക്കാം.
നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ രേഖയോ പ്രത്യേക അപേക്ഷാഫോമോ ആവശ്യമില്ല. ബാങ്കിൽ 2000 രൂപ നോട്ടുകൾ അക്കൗണ്ടുള്ളവർക്കു പരിധിയില്ലാതെ നിക്ഷേപിക്കാം.
2000 രൂപ നോട്ടുകൾ മാറിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ തിരക്കു കൂട്ടേണ്ടതില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. “സെപ്റ്റംബർ 30നു ശേഷം 2000 രൂപ നോട്ട് രാജ്യത്ത് ഉപയോഗിക്കാം.
2000 രൂപ നോട്ട് പിൻവലിച്ചത് റിസർവ് ബാങ്കിന്റെ കറൻസി മാനേജ്മെന്റിന്റെ ഭാഗമായാണ്. സെപ്റ്റംബർ 30നു മുന്പ് ഭൂരിഭാഗം നോട്ടുകളും ബാങ്കുകളിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 30 വരെ എത്ര നോട്ടുകൾ തിരിച്ചെത്തിയെന്നു പരിശോധിച്ചശേഷം സമയപരിധി നീട്ടുന്ന കാര്യം ആലോചിക്കും.
രാജ്യത്തു പ്രചാരത്തിലുള്ള കറൻസികളുടെ 10.8 ശതമാനം മാത്രമാണ് 2000 രൂപ നോട്ടുകളുടേത്. അതിനാൽ അതു പിൻവലിക്കുന്നതു സന്പദ്ഘടനയിൽ ആഘാതമുണ്ടാക്കില്ല. 2000 രൂപ നോട്ടുകൾ പൊതുവേ ഇടപാടുകൾക്കായി ഉപയോഗിക്കാറില്ല. മാറ്റിയെടുക്കാൻ ആവശ്യമായ നോട്ടുകൾ പ്രിന്റ് ചെയ്തിട്ടുണ്ട്’’-ശക്തികാന്ത ദാസ് പറഞ്ഞു.