മണിപ്പുരിൽ വീണ്ടും സംഘർഷം; വീടുകൾക്കു തീവച്ചു
Tuesday, May 23, 2023 12:18 AM IST
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലാണു വീണ്ടും സംഘർഷമുണ്ടായത്. മെയ്തെയ്-കുക്കി വിഭാഗങ്ങളാണ് ഏറ്റുമുട്ടിയത്.
സായുധരായെത്തിയ രണ്ടംഗ സംഘം കടയുടമകളെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ആൾക്കൂട്ടം വീടുകൾക്കു തീയിട്ടു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കടകൾ അടപ്പിക്കാനെത്തിയവരിലൊരാളെ ജനക്കൂട്ടം മർദിച്ചു. മുൻ എംഎൽഎയുടെ നിർദേശപ്രകാരമാണു കടയുടമകളെ ഭീഷണിപ്പെടുത്തിയതെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ എംഎൽഎയെയും മറ്റു രണ്ടു പേരെയും ആസാം റൈഫിൾസ് കസ്റ്റഡിയിലെടുത്തു പോലീസിനു കൈമാറി. ഇവരിൽനിന്നു തോക്കുകൾ പിടിച്ചെടുത്തു.
വീടുകൾക്കു തീയിട്ട ജനക്കൂട്ടത്തെ കണ്ണീർവാതകം പ്രയോഗിച്ചാണു സുരക്ഷാസേന തുരത്തിയത്. ഏതാനും പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. റോഡിൽ ടയർ കൂട്ടിയിട്ടു കത്തിച്ചു. സംഘർഷത്തെത്തുടർന്ന് ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കർഫ്യൂവിൽ ഏർപ്പെടുത്തിയ ഇളവ് പിൻവലിച്ചു.