പാർലമെന്റ് മന്ദിരം ഉദ്ഘാടനം: വിമർശനം കടുപ്പിച്ച് കോൺഗ്രസ്
Tuesday, May 23, 2023 12:17 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ രൂക്ഷവിമർശനവുമായി കോണ്ഗ്രസ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്ന ബിജെപി സർക്കാർ ഇപ്പോൾ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ക്ഷണിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിമർശനം.
മോദി സർക്കാർ ദളിത് വിഭാഗത്തിൽനിന്നു രാഷ്ട്രപതിയെ തെരഞ്ഞെടുത്തത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്നും രാഷ്ട്രപതിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിലൂടെ മോദിസർക്കാർ രാഷ്ട്രപതിപദത്തിന്റെ മഹിമ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതിയാണു നിർവഹിക്കേണ്ടതെന്നും പ്രധാനമന്ത്രിയല്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എന്നാൽ രാജ്യം പുരോഗമിക്കുന്പോൾ രാഹുൽ ഗാന്ധി ഒരു അപശകുനമായി മാറുന്നുവെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ തിരിച്ചടിച്ചു.
സവർക്കറുടെ 140-ാം ജന്മവാർഷിക ദിനമായ ഈ മാസം 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. സെൻട്രൽ വിസ്ത പുനർനവീകരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ 2020 ഡിസംബറിലാണ് ആരംഭിക്കുന്നത്. തറക്കല്ലിടൽ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിളിക്കാതിരുന്നതും ഭൂമിപൂജ നടത്തി പ്രധാനമന്ത്രി തറക്കല്ലിട്ടതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിന് ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് പ്രധാനമന്ത്രിക്കു ക്ഷണക്കത്തയച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജയ്ദീപ് ധൻകറിനെ നോക്കുകുത്തിയാക്കിയെന്നും കോണ്ഗ്രസ് നേതാക്കൾ വിമർശിച്ചു.