ഉത്തരേന്ത്യ തീച്ചൂളയിൽ; വെന്തുരുകി ഡൽഹി
Tuesday, May 23, 2023 12:17 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. തലസ്ഥാനമായ ഡൽഹിയിലെ ചില മേഖലകളിൽ ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും താപനില 46 ഡിഗ്രി സെൽഷസിനു മുകളിലേക്കുയർന്നു.
ഡൽഹി, തെക്കൻ ഹരിയാന, തെക്കൻ യുപി, വടക്കൻ മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളം, മാഹി, മറാത്തവാഡ, ഒഡീഷ, തീരദേശ ആന്ധ്രപ്രദേശ്, യാനം, രായലസീമ എന്നിവിടങ്ങളിലെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വാസ്ഥ്യവുമുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വിശദീകരിച്ചു. എന്നാൽ കേരളത്തിലെ അസഹനീയമായ കാലാവസ്ഥയിൽ വരുംദിവസങ്ങളിൽ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന.
ഉത്തരേന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിലും ഉഷ്ണതരംഗത്തിനുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശാസ്ത്രജ്ഞൻ സോമ സെൻ റോയ് പറഞ്ഞു. രണ്ടു ദിവസത്തേക്കു ചൂടു കൂടാനാണു സാധ്യത.
അടുത്ത ഏതാനും ആഴ്ചകളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിക്കു പുറമെ പടിഞ്ഞാറൻ രാജസ്ഥാൻ, ദക്ഷിണ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാളിന്റെ ഗംഗാതീരം തുടങ്ങിയ മേഖലകളിലെ ഏതാനും പ്രദേശങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഡൽഹിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 47 ഡിഗ്രി വരെ ഉയർന്ന ചൂടാണ് വാഹനങ്ങളിലെ മീറ്ററുകളിൽ രേഖപ്പെടുത്തിയത്. ഞായറാഴ്ചയും ഇന്നലെയും നജഫ്ഗഡിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ 46.2, 46.3 ഡിഗ്രി സെൽഷസ് വരെ താപനില ഉയർന്നു. നരേല, പിതാംപുര എന്നിവിടങ്ങളിൽ 45 ഡിഗ്രിയായിരുന്നു. എന്നാൽ ഡൽഹിയിലെ സഫ്ദർജംദ് നിരീക്ഷണകേന്ദ്രത്തിൽ 42.9 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ഇതുപോലും സാധാരണയിലും രണ്ടര ഡിഗ്രി കൂടുതലാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സമതലങ്ങളിലെ മിക്ക ഭാഗങ്ങളിലും പകൽ താപനില 40 മുതൽ 45 ഡിഗ്രി സെൽഷസായിരുന്നു.