ഡൽഹി ഓർഡിനൻസ്: ഭേദഗതിചെയ്ത് കടുപ്പിക്കാൻ കേന്ദ്രം
സ്വന്തം ലേഖകൻ
Monday, May 22, 2023 12:43 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ഉദ്യോഗസ്ഥർക്ക് മേലുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം മറികടക്കാൻ ഇറക്കിയ ഓർഡിനൻസിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ ഭേദഗതികൊണ്ടുവരാൻ നീക്കം.
തലസ്ഥാനത്തെ ക്രമസമാധാനം, പോലീസ്, റവന്യു ഒഴികെയുള്ള മറ്റെല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാരിനാണെന്നും ലെഫ്റ്റനന്റ് ഗവർണർക്കല്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രി കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസ് അനുസരിച്ച് ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം, അവരുമായി ബന്ധപ്പെട്ട വിജിലൻസ് കാര്യങ്ങളുടെ ശിപാർശ എന്നിവയ്ക്കെല്ലാം "നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അഥോറിറ്റി’ക്കാണ് അധികാരം. ഈ അഥോറിറ്റിയുടെ അധികാര പരിധി വർധിപ്പിക്കുക വഴി സർക്കാരിന്റെ അധികാരങ്ങളെ മുഴുവനായി റദ്ദാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഓർഡിനൻസിൽ പുതിയ അഥോറിറ്റിയുടെ അടിസ്ഥാന ഘടനകൾ മാത്രമാണ് നിലവിൽ പരാമർശിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ തന്നെ ഭേദഗതിയിൽ കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കാനാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നീക്കമെന്നാണ് വിവരം. മുഖ്യമന്ത്രി തലവനായ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസസ് അഥോറിറ്റിയിൽ ഡൽഹി ചീഫ് സെക്രട്ടറിയും അഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് മറ്റംഗങ്ങൾ.
വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുക്കുക. എന്നാൽ, തർക്കമുണ്ടായാൽ അഥോറിറ്റി ശിപാർശകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണറാണെന്നും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. കേന്ദ്രസർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന സുപ്രധാന വിധി വന്ന് ഒരാഴ്ച പിന്നിടുന്പോഴാണ് കേന്ദ്രത്തിന്റെ ഗൂഢനീക്കം.
അതിനിടെ, ആം ആദ്മി പാർട്ടി നേതാക്കൾ ഉപദ്രവിക്കുന്നതായി എട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ലെഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. ഉദ്യോഗസ്ഥർക്കെതിരേ സർവീസസ് വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചീഫ് സെക്രട്ടറി നരേഷ് കുമാർ ആരോപിച്ചു. അതേസമയം, ചീഫ് സെക്രട്ടറി തനിക്കെതിരേ വധഭീഷണി മുഴക്കിയതായി ആരോപിച്ച് സൗരഭ് ഭരദ്വാജും പോലീസിൽ പരാതി നൽകി. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
വിജിലൻസ് സ്പെഷ്യൽ സെക്രട്ടറി വൈ.വി.വി.ജെ. രാജശേഖറാണ് മറ്റൊരു പരാതിക്കാരൻ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഏകോപിത ശ്രമമാണ് നടക്കുന്നതെന്നും ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട അഴിമതികൾ അന്വേഷിക്കാൻ കഴിയാത്തവിധം തന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പരാതികളെല്ലാം വ്യാജമാണെന്ന് ഡൽഹി സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പ്രതിപക്ഷ ഐക്യത്തിന് വേഗമേറുന്നു
ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് വളമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. ഓർഡിനൻസ് വിഷയത്തിൽ കേജരിവാളിനൊപ്പം നിൽക്കുന്നുവെന്ന് നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാരിന്റെ അധികാരം കവർന്നെടുക്കാനുള്ള ബിൽ രാജ്യസഭയിൽ പാസായില്ലെങ്കിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്താൻ പോകുന്നതെന്ന് കേജരിവാൾ പറഞ്ഞു.
ഇന്നലെ രാവിലെ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു നിതീഷ് കുമാറിന്റെ കൂടിക്കാഴ്ച. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി കോണ്ഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന നേതാക്കളുമായി നിതീഷ് കുമാർ നടത്തിവരുന്ന ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച. തെരഞ്ഞെടുത്ത സർക്കാറുകളുടെ അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രത്തിന് എന്ത് അധികാരമെന്നും വിഷയത്തിൽ കേജരിവാളിനൊപ്പമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.