രണ്ടായിരം രൂപ നോട്ട് മാറ്റാൻ രേഖകളുടെ ആവശ്യമില്ല
Monday, May 22, 2023 12:43 AM IST
ന്യൂഡൽഹി: ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കുന്നതിന് രേഖകളുടെ ആവശ്യമില്ലെന്നു റിസർവ് ബാങ്ക്. വെള്ളിയാഴ്ചയാണു രണ്ടായിരം രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവിലിച്ചത്. സെപ്റ്റംബർ 30 വരെ പൊതുജനങ്ങൾക്ക് 2000 രൂപ നോട്ട് മാറിയെടുക്കുകയും ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യാം.
2016 ൽ 1000, 500 രൂപ നോട്ടുകൾ റിസർവ് ബാങ്ക് നിരോധിച്ചിരുന്നു. ഇതിൽനിന്നു വിഭിന്നമായി നോട്ടുകൾ പിൻവിലിച്ചെങ്കിലും 2000 രൂപ നോട്ടുകൾക്കു നിയമസാധുതയുണ്ട്. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരം രൂപ നോട്ടുകൾ പൊതുജനങ്ങൾക്കു യാതൊരു രേഖയുമില്ലാതെ ബാങ്കുകളിൽനിന്ന് മാറിയെടുക്കാം. എത്ര മൂല്യമുള്ള നോട്ടുകൾ വേണമെങ്കിലും സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.