വെള്ളക്കെട്ടിൽ കാർ മുങ്ങി ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം
Monday, May 22, 2023 12:42 AM IST
ബംഗളുരു: ബംഗളുരു നഗരത്തിൽ ഞായറാഴ്ച ഉച്ചയ്ക്കുശേഷം അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം. ഇൻഫോസിസിലെ ജീവനക്കാരിയായ ആന്ധ്ര സ്വദേശിനി ഭാനുരേഖ (22) ആണ് മരിച്ചത്. ആന്ധ്രയിലെ വിജയവാഡയിൽനിന്ന് കുടുംബാംഗങ്ങൾക്കൊപ്പം വാടകക്കാറിൽ ബംഗളുരുവിലെ ജോലിസ്ഥലത്തേക്കു തിരിച്ചതായിരുന്നു ഭാനുരേഖ.
ബംഗളുരു നഗരത്തിൽ സംസ്ഥാന നിയമസഭയുടെ തൊട്ടടുത്ത കെആർ സർക്കിളിലെ അടിപ്പാതയിലാണ് ഭാനുരേഖ സഞ്ചരിച്ച കാർ കുടുങ്ങിയത്. വലിയതോതിൽ വെള്ളം ഉയർന്നതോടെ അടിപ്പാതയിലെ ബാരിക്കേഡുകൾ തകർന്നിരുന്നു. ഇതറിയാതെ മുന്നോട്ടുപോകാൻ ഡ്രൈവർ ശ്രമിച്ചതോടെ യാത്രക്കാർ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. സാരിയും വടവും ഉൾപ്പെടെ നീട്ടിനൽകി കാറിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ആളുകൾ ശ്രമിച്ചു. രണ്ടുപേർ ഒരു വിധത്തിൽ പുറത്തെത്തി. അവശേഷിച്ചവരെ ഫയർ ആൻഡ് എമർജൻസി സേനാംഗങ്ങൾ എത്തി
യാണ് രക്ഷപ്പെടുത്തിയത്. എല്ലാവരെയും സമീപത്തെ സെന്റ് മാർത്താ ആശുപത്രിയിലേക്കു കൊണ്ടുവന്നുവെങ്കിലും ഭാനുരേഖ മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിൽ പാഞ്ഞെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഭാനുരേഖയുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ സഹായധനം നൽകുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ഇതിനുപുറമേ ഒരു ഓട്ടോറിക്ഷയും അടിപ്പാതയിൽ കുടുങ്ങി. യാത്രക്കാരി ഓട്ടോയുടെ മുകളിൽ കയറിനിന്നതോടെ രക്ഷാപ്രവർത്തകർ ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. നഗരത്തിൽത്തന്നെ മജിസ്റ്റിക്കിനു സമീപത്തുള്ള അടിപ്പാതയിലും വെള്ളക്കെട്ടിനെത്തുടർന്ന് വാഹനങ്ങൾ കുടുങ്ങി. അപ്രതീക്ഷിത മഴയിൽ നഗരത്തിലെ നിരവധി വീടുകളിലും വെള്ളംകയറി. മല്ലേശ്വരം, രാജാജിനഗർ, ശ്രീരാമപുരം, കെങ്കേരി, മൈസുരു റോഡ് എന്നിവിടങ്ങളിലും മഴയും വെള്ളക്കെട്ടും ദുരിതംവിതച്ചു. മരങ്ങൾ കടപുഴകി പലയിടങ്ങളിലും ഗതാഗത തടസവും ഉണ്ടായി.