ഗാന്ധി മൈതാൻ സ്ഫോടനം: 10 വർഷം മുന്പ് എൻഐഎ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു
Monday, May 22, 2023 12:42 AM IST
പാറ്റ്ന: 10 വർഷം മുന്പ് എൻഐഎ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട സ്ഫോടനക്കേസ് പ്രതി മെഹ്റെ ആലമിനെ സ്പെഷൽ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. 2013ൽ പാറ്റ്നയിലെ ഗാന്ധി മൈതാൻ സ്ഫോടന പരന്പരക്കേസിൽ പ്രതിയായിരുന്നു ആലം. ദർഭംഗയിലെ അശോക് പേപ്പർ മിൽ മേഖലയിൽനിന്നു ശനിയാഴ്ചയാണ് ആലമിനെ പിടികൂടിയത്.
2013 ഒക്ടോബർ 29ന് അന്ന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായിരുന്ന നരേന്ദ്ര മോദിയുടെ ഹുങ്കാർ റാലിയിലായിരുന്നു സ്ഫോടനപരന്പര അരങ്ങേറിയത്.
അഞ്ചു പേർ കൊല്ലപ്പെട്ടു. 70 പേർക്കു പരിക്കേറ്റു. റാലി നടന്ന സ്ഥലത്തിനു സമീപം ആറു സ്ഫോടനങ്ങളാണുണ്ടായത്. നരേന്ദ്ര മോദി പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയുടെ 150 മീറ്റർ അകലെ രണ്ടു സ്ഫോടനങ്ങളുണ്ടായി. നാലു ബോംബുകൾ റാലിയുടെ വേദിക്കു സമീപത്തുനിന്നു പിന്നീട് കണ്ടെത്തി.