മാവോയിസ്റ്റ് സംഘടനാ തലവൻ ദിനേശ് ഗോപെ അറസ്റ്റിൽ
Monday, May 22, 2023 12:42 AM IST
ന്യൂഡൽഹി: ജാർഖണ്ഡിലെ ഉന്നത മാവോയിസ്റ്റ് നേതാവ് ദിനേശ് ഗോപെയെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎൽഎഫ്ഐ) തലവനാണ് ദിനേശ് ഗോപെ. ജാർഖണ്ഡിലാണ് പിഎൽഎഫ്ഐ പ്രവർത്തിക്കുന്നത്.
കുൽദീപ് യാദവ്, ബഡ്കു എന്നീ പേരുകളിലും അറിയപ്പെടുന്ന ദിനേശ് ഗോപെയ്ക്കെതിരേ നൂറിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരങ്ങൾ നല്കുന്നവർക്ക് 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാർഖണ്ഡ്, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഗോപെയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ജാർഖണ്ഡിലെ ഖുന്തി ജില്ലക്കാരനായ ഗോപെയെ ഡൽഹിയിലാണ് അറസ്റ്റ് ചെയ്തത്. നിരോധിച്ച 25 ലക്ഷം രൂപ പിഎൽഎഫ്ഐ പ്രവർത്തകരിൽനിന്നു പിടിച്ചെടുത്ത കേസിൽ ഗോപെയ്ക്കെതിരേ 2018ൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടു ദശകത്തിലേറെയായി ഇയാൾ ഒളിവിലാണ്.