ദഹി ദഹിക്കില്ല; തൈര് മതി
Friday, March 31, 2023 1:23 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തൈരിനെ ദഹി ആക്കാനുള്ള കേന്ദ്രതീരുമാനത്തിനു തിരിച്ചടി. കേർഡ്, തൈര് തുടങ്ങിയവ ഒഴിവാക്കി ഹിന്ദിപദമായ ദഹി എന്നാക്കണമെന്ന വിജ്ഞാപനം പിൻവലിച്ചതായി ഭക്ഷ്യസുരക്ഷാ അഥോറിറ്റി അറിയിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രതിഷേധിച്ചതോടെ ദഹി എല്ലായിടത്തും ദഹിക്കില്ലെന്നു മനസിലാക്കിയാണു വിവാദനിർദേശം പിൻവലിച്ചത്.
തൈരിന്റെ പായ്ക്കറ്റിൽ ഇംഗ്ലീഷ് വാക്കായ കേർഡ് ഒഴിവാക്കി ഹിന്ദിയിലെ ദഹി എന്നെഴുതാനും തൈര് ഉൾപ്പെടെയുള്ള പ്രാദേശിക വാക്ക് ബ്രാക്കറ്റിൽ എഴുതിയാൽ മതിയെന്നുമായിരുന്നു കഴിഞ്ഞ ജനുവരി 11ലെ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ (എഫ്എസ്എസ്എഐ) വിജ്ഞാപനം. തൈരിനുപുറമെ വെണ്ണ, ചീസ് ഉത്പന്നങ്ങൾക്കും ഇതു ബാധകമാക്കിയിരുന്നു.
തമിഴ്നാടിനു പുറമെ കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പ്രതിഷേധിച്ചു കേന്ദ്ര ഉത്തരവ് പാലിക്കില്ലെന്ന് അറിയിച്ചതോടെയാണു വിവാദ വിജ്ഞാപനം പിൻവലിച്ച് ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയത്.തൈരിന്റെ പായ്ക്കറ്റുകളിലും ലേബലുകളിലും ഇംഗ്ലീഷിൽ കേർഡ് എന്നെഴുതാമെന്നും ഒപ്പം വിവിധ ഭാഷകളിലെ വാക്കുകളായ ദഹി, തൈര്, പെരുഗു, മൊസാറു, സാമുത്ത് ദൗദ് എന്നിവ കൂടി ഉപയോഗിക്കാമെന്നുമാണ് പത്രക്കുറിപ്പിലെ വിശദീകരണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം പാലിനും പാൽ ഉത്പന്നങ്ങൾക്കും പൊതുവായ മാനദണ്ഡം എന്ന വ്യവസ്ഥയുടെ മറവിലാണു പുളിപ്പിച്ച പാൽ ഉത്പന്നങ്ങളുടെ പേരുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയത്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയിൽനിന്നു പുറത്താക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നയത്തിനെതിരാണ് കേന്ദ്രനിർദേശമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പ്രതികരിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ തീരുമാനം അംഗീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യില്ലെന്നു തമിഴ്നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിനും, കന്നഡയിൽ മൊസാറു എന്നേ തുടർന്നും എഴുതുകയുള്ളൂവെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.