തടവുശിക്ഷയ്ക്കു പിന്നാലെ അയോഗ്യരായവരിൽ ലാലുവും ജയലളിതയും
Saturday, March 25, 2023 1:04 AM IST
ന്യൂഡൽഹി: തടവുശിക്ഷയ്ക്കു പിന്നാലെ അയോഗ്യത നേരിട്ടവരിൽ മുൻ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും. യുപിയിലെയും ബിഹാറിലെയും എംഎൽഎമാരാണ് അയോഗ്യരായവരിലേറെയും.
ലാലു പ്രസാദ് യാദവ്
കാലിത്തീറ്റ കുംഭകോണക്കേസിൽ തടവുശിക്ഷ ലഭിച്ചതിനെത്തുടർന്ന് 2013 സെപ്റ്റംബറിലാണ് ലാലുവിനെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയത്. ബിഹാറിലെ സരൺ മണ്ഡലത്തിലെ എംപിയായിരുന്നു ലാലു.
ജയലളിത
അനധികൃത സ്വത്തുസന്പാദനക്കേസിൽ നാലു വർഷം തടവുശിക്ഷ ലഭിച്ചതിനെത്തുടർന്നാണ് അണ്ണാ ഡിഎംകെ അധ്യക്ഷയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജെ. ജയലളിതയ്ക്ക് അയോഗ്യത വന്നത്. അയോഗ്യതയെത്തുടർന്ന് ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
അസം ഖാൻ
വിദ്വേഷപ്രസംഗത്തിന്റെ പേരിൽ മൂന്നു വർഷം തടവു ലഭിച്ചതാണ് മുതിർന്ന എസ്പി നേതാവ് അസം ഖാൻ അയോഗ്യനാകാൻ കാരണം. 2022 ഒക്ടോബറിലാണ് ഖാനെ അയോഗ്യനാക്കിയത്. രാംപുർ സദർ മണ്ഡലത്തെയാണ് അസം ഖാൻ പ്രതിനിധീകരിച്ചിരുന്നത്.
അനിൽ കുമാർ സാഹ്നി
വഞ്ചനാക്കേസിൽ മൂന്നു വർഷം തടവു ലഭിച്ചതിന് ആർജെഡി എംഎൽഎ അനിൽകുമാർ സാഹ്നിയെ അയോഗ്യനാക്കി. കുർഹാനിയിലെ എംഎൽഎയായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന സമയത്ത് സാഹ്നി ജെഡി-യുവിലായിരുന്നു. 2022 ഒക്ടോബറിലാണ് അയോഗ്യത വന്നത്.
വിക്രം സിംഗ് സെയ്നി
മുസാഫർനഗർ കലാപക്കേസിൽ രണ്ടു വർഷം തടവ് ലഭിച്ചതിനെത്തുടർന്ന് ബിജെപി എംഎൽഎ വിക്രം സിംഗ് സെയ്നി അയോഗ്യനായി. ഖടൗലി എംഎൽഎയായ സെയ്നിയെ 2022 ഒക്ടോബറിലാണ് അയോഗ്യനാക്കിയത്.
പ്രദീപ് ചൗധരി
ആക്രമണക്കേസിൽ മൂന്നു വർഷം തടവ് കിട്ടിയതിനെത്തുടർന്ന് ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരി അയോഗ്യനായി. 2021 ജനുവരിയിലാണ് കൽക്ക എംഎൽഎയായ ചൗധരിയെ അയോഗ്യനാക്കിയത്.
കുൽദീപ് സെൻഗർ
ഉന്നാവോ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതാണ് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറെ അയോഗ്യനാക്കാൻ കാരണം. ബംഗാർമാവു മണ്ഡലത്തെയായിരുന്നു സെൻഗർ പ്രതിനിധീകരിച്ചിരുന്നത്. ഇയാളെ 2020 ഫെബ്രുവരിയിലാണ് അയോഗ്യനാക്കിയത്.
അബ്ദുള്ള അസം ഖാൻ
ദേശീയപാതയിൽ ധർണ നടത്തിയതിന്റെ പേരിലായിരുന്നു അബ്ദുള്ള അസം ഖാന് തടവുശിക്ഷ കിട്ടിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം. 2023 ഫെബ്രുവരിയിൽ അബ്ദുള്ളയെ അയോഗ്യനാക്കി. മുതിർന്ന എസ്പി നേതാവ് അസം ഖാന്റെ മകനാണ് അബ്ദുള്ള. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അയോഗ്യത നേരിട്ട പിതാവും മകനുമാണ് അസംഖാനും അബ്ദുള്ളയും.
അനന്ത് സിംഗ്
വീട്ടിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതിനെത്തുടർന്നാണ് ആർജെഡി എംഎൽഎ അനന്ത് സിംഗ് അയോഗ്യനാക്കിയത്. മൊകാമ എംഎൽഎയായ അനന്ത് സിംഗിനെ 2022 ജൂലൈയിലാണ് അയോഗ്യനാക്കിയത്.
പത്തു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസൽ അയോഗ്യനായി. എന്നാൽ കേരള ഹൈക്കോടതി ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്തു. എന്നാൽ, ഫൈസലിന്റെ അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.