ഉജ്വല യോജന: ഗുണഭോക്താക്കൾക്കു സബ്സിഡി
Saturday, March 25, 2023 1:04 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് പ്രതിവർഷം 12 റീഫിൽ വരെ 200 രൂപ സബ്സിഡി നൽകാൻ തീരുമാനിച്ച് കേന്ദ്രമന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാന്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയുടേതാണു തീരുമാനം.
2023 മാർച്ച് ഒന്നിലെ കണക്കനുസരിച്ച് 9.59 കോടി ഉജ്വല യോജന ഗുണഭോക്താക്കളാണ് രാജ്യത്തുള്ളത്. നടപ്പ് സാന്പത്തിക വർഷം 7,680 കോടി രൂപയും മുൻ സാന്പത്തിക വർഷത്തിൽ 6,100 കോടി രൂപയുമായിരുന്നു പദ്ധതിയുടെ ചെലവ്. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നേരിട്ടു ക്രെഡിറ്റ് ചെയ്യും.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ എണ്ണ വിപണന കന്പനികൾ 2022 മേയ് 22 മുതൽ ഉജ്വല യോജന സബ്സിഡി നൽകുന്നുണ്ട്.