പടക്കനിർമാണശാലയിൽ സ്ഫോടനം; ഒന്പതു മരണം
Thursday, March 23, 2023 2:17 AM IST
കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ നരേന്ദ്രൻ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒന്പതു പേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. കുരുവിമലൈ ഗ്രാമത്തിലായിരുന്നു അപകടം.
മരിച്ചവരിൽ ആറു സ്ത്രീകളും പടക്കനിർമാണ യൂണിറ്റ് ഉടമയുടെ മകൻ സുദർശനും ഉൾപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഈ സമയം 30 പേർ സ്ഥലത്തുണ്ടായിരുന്നു.
പടക്കനിർമാണശാലയ്ക്കു പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങൾക്കു തീപിടിച്ചതിനെത്തുടർന്ന് യൂണിറ്റിലാകെ തീപിടിത്തമുണ്ടാകുകയായിരുന്നു. സ്ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ഏതാനും പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത വിധത്തിലാണ്.
പടക്കനിർമാണ ശാലയുടെ ഉടമകളിലൊരാളായ നരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കളക്ടറും മുതിർന്ന പോലീസ്, റവന്യു ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റു ചികിത്സയിലുള്ളവരെ തമിഴ്നാട് മന്ത്രി ടി.എം. അന്പരശൻ സന്ദർശിച്ചു.