ബംഗളൂരു-മൈസൂരു അതിവേഗപാതയുടെ അടിപ്പാതയില്‍ വെള്ളംകയറി
Sunday, March 19, 2023 1:02 AM IST
ബംഗളൂരു: രാമനഗര മേഖലയില്‍ പെയ്ത കനത്ത മഴയില്‍ ബംഗളൂരു-മൈസൂരു അതിവേഗപാതയുടെ അടിപ്പാതയില്‍ വെള്ളംകയറി. വെള്ളക്കെട്ട് മൂലം വാഹനങ്ങള്‍ക്ക് അടിപ്പാതയിലൂടെ കടക്കാന്‍ കഴിയാതായതോടെ സര്‍വീസ് റോഡില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
ആദ്യമഴയില്‍ തന്നെ അടിപ്പാതയില്‍ വെള്ളംകയറിയത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതോടെ മഴക്കാലത്ത് സര്‍വീസ് റോഡുകളിലൂടെ ഗതാഗതം തടസപ്പെട്ട് അടുത്തുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന അതിവേഗപാതയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. മഴക്കാലമെത്തുന്നതിനു മുമ്പ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.