പള്ളിഭൂമിയുടെ ഉടമസ്ഥത : ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
Saturday, March 18, 2023 1:30 AM IST
ന്യൂഡൽഹി: പള്ളികളുടെ ഭൂമി ഉടമസ്ഥത സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
പള്ളിഭൂമികൾ പൊതുട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടിച്ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നുമുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച തുടർ ഉത്തരവുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. തുടർ ഉത്തരവുകളിറക്കിയ ഹൈക്കോടതി നടപടിയിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.
ഹൈക്കോടതി വിധിയിൽ രൂപതയുടെ സ്വത്തുക്കളുടെ അവകാശം സംബന്ധിച്ചും പരാമർശമുണ്ടായിരുന്നു. പള്ളികളുടെ സ്വത്തുക്കൾ പൊതുട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും ഇവ കൈമാറ്റം ചെയ്യാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
വിചാരണക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി ഇറക്കിയ ആദ്യവിധി പ്രഥമദൃഷ്ടിയാലുള്ള നിരീക്ഷണങ്ങളായിരുന്നുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു . എന്നാല്‍ പിന്നീടുണ്ടായ ഹൈക്കോടതി നടപടികള്‍ ജുഡീഷറിയുടെ വര്‍ധിച്ച ഇടപെടലാണെന്നാണ് സുപ്രീംകോടതി വിമർശിച്ചത്. നീതിപൂര്‍വകമായ വിചാരണ നടത്തി കുറ്റവാളികളെ ശിക്ഷിക്കുകയെന്നതുപോലെതന്നെ നിരപരാധികള്‍ക്കെതിരേയുള്ള അസഭ്യവും നിസാരവുമായ പരാതികള്‍ തള്ളുകയെന്നതും പ്രധാനമാണ്.
ഹൈക്കോടതി ഉത്തരവിലെ, 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ ഇത്തരത്തിലുള്ളവയാണ്. ഇത്തരം നിരീക്ഷണങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. പൊതുവായ ആ നീരീക്ഷണങ്ങള്‍ സീറോ മലബാര്‍ കത്തോലിക്കാ പള്ളികളുടെ സ്വത്ത് ഇടപാടുകളെ ബാധിച്ചതായി ഹര്ജിക്കാരന് പറയുന്നുണ്ട്.
2007 സെപ്റ്റംബര്‍ 21 ന് രജിസ്റ്റര്‍ ചെയ്ത ആധാര പ്രകാരമുള്ള ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നതടക്കമുള്ള അമിതാവേശത്തോടെയുള്ള ഹൈക്കോടതി നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു.
നീതി നടപ്പാക്കുന്നതിന്റെ മറവില്‍ അത്തരം ഉത്തരവുകള്‍ പാസാക്കുന്നതിലൂടെ ജുഡീഷല്‍ ആക്ടിവിസത്തിന്റെയും ജുഡീഷല്‍ നിയന്ത്രണത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും ഉത്തരവിലുണ്ട്.
അനാവശ്യ ജുഡീഷല്‍ ആക്ടിവിസം അനിശ്ചിതത്വമോ ആശയക്കുഴപ്പമോ ഉണ്ടാക്കിയേക്കാം. എത്ര നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും അത് അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കർദിനാളിന്റെ ഹർജി തള്ളി
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിൽ വിചാരണ ഉൾപ്പെടെ നേരിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി.