മമത ബാനർജിയുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തി
Saturday, March 18, 2023 12:26 AM IST
കോൽക്കത്ത: ബിജെപിക്കെതിരേ ദേശീയതലത്തിൽ യോജിച്ചു പ്രവർത്തിക്കാൻ തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും തീരുമാനിച്ചു.
ഇന്നലെ കോൽക്കത്തയിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും തൃണമൂൽ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുതിർന്ന എസ്പി നേതാവ് കിരൺമയ് നന്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസുമായി അകലം പാലിക്കുമെന്നു നന്ദ പറഞ്ഞു. എസ്പി ദേശീയ വൈസ് പ്രസിഡന്റാണ് നന്ദ. സമാജ്വാദി പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാനാണ് അഖിലേഷ് യാദവ് കോൽക്കത്തയിലെത്തിയത്.
കാളിഘട്ടിലെ മമതയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന് എസ്പി പിന്തുണ നല്കിയിരുന്നു. 2022 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർഥികൾക്കുവേണ്ടി മമമത പ്രചാരണത്തിനെത്തിയിരുന്നു.
ബിജെപിയുമായും കോൺഗ്രസുമായും തൃണമൂൽ കോൺഗ്രസ് അകലം പാലിക്കുമെന്നു മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. അതേസമയം, മൂന്നാം മുന്നണിയെക്കുറിച്ച് ഇപ്പോൾ പാർട്ടി ചർച്ച നടത്തിയിട്ടില്ല. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നതിന്റെ ഭാഗമായി, വരും ദിവസങ്ങളിൽ പ്രബലരായ പ്രാദേശിക പാർട്ടികളുമായി മമത ബാനർജി ചർച്ച നടത്തും. പ്രതിപക്ഷത്തെ ബിഗ് ബോസ് ആണെന്നു കോൺഗ്രസ് കരുതരുത്.
രാഹുൽഗാന്ധിയെ പ്രതിപക്ഷമുഖമാക്കാനാണ് ബിജെപിയുടെ ശ്രമം. അത് ബിജെപിക്കു ഗുണം ചെയ്യും. പ്രതിപക്ഷമുഖം തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം 18 പാർട്ടികളുണ്ടായിരുന്നു. അവരിൽ പലരും എൻഡിഎ വിട്ടു. ഈ പാർട്ടികളെ ഒരുമിച്ചുകൂട്ടാനാണു തൃണമൂലിന്റെ ശ്രമം. -സുദീപ് ബന്ദോപാധ്യായ വ്യക്തമാക്കി. മാർച്ച് 23ന് ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്കുമായി മമത ബാനർജി ചർച്ച നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.