മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ: വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി
Saturday, January 28, 2023 2:00 AM IST
സെബി മാത്യു
ന്യൂഡൽഹി: രാജ്യത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കാലങ്ങളായി കുടുങ്ങിക്കിടക്കുന്നവരുടെ കണക്ക് നൽകാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം. കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ ഓണ്ലൈൻ ഡാഷ് ബോർഡിൽ സംസ്ഥാനങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്നും നിർദേശിച്ചു.
മാനസിക വെല്ലുവിളി നേരിടുന്നവരെ രോഗം ഭേദമായിട്ടും അനധികൃതമായി ആശുപത്രികളിൽ പാർപ്പിച്ചിരിക്കുന്നതിൽ സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടയിരുന്നു.
ആറാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. രോഗം ഭേദമായവരെ വീട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. കേരളത്തിൽ ഉൾപ്പെടെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അങ്ങേയറ്റം മോശമായ അവസ്ഥയാണുള്ളതെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻ വിമർശിച്ചത്.
മാനസിക വെല്ലുവിളിയുള്ള കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രങ്ങളുടെ സാഹചര്യങ്ങളെയും സൗകര്യങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾക്കായി ഓണ്ലൈൻ സംവിധാനം ഒരുക്കുമെന്ന് നേരത്തേ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സംവിധാനം ഇപ്പോൾ തയാറായിക്കഴിഞ്ഞതായി അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ധവാൻ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും ഇതിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
നിലവിലെ സൗകര്യങ്ങൾ, എത്ര പേരെ ഉൾക്കൊള്ളാനാകും, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് മന്ത്രാലയത്തിന്റെ സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടത്. മന്ത്രാലയത്തിന്റെ ഡാഷ് ബോർഡിൽ മാനസികാരോഗ്യകേന്ദ്രങ്ങളുടെ ഹോളിസ്റ്റിക് വിവരങ്ങളും വൈദ്യ സഹായവും കൗണ്സിലിംഗ് സൗകര്യങ്ങളും ഉൾപ്പടെയുള്ള വിവരങ്ങൾ ഉണ്ടാകും.