കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശനമുന്നയിച്ച് ആസാദ്
Monday, September 5, 2022 1:26 AM IST
ജമ്മു: കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷ വിമർശനമുയർത്തി ഗുലാം നബി ആസാദ്. വിയർപ്പും രക്തവും താൻ കോൺഗ്രസിനു നല്കിയെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നുവരെപ്പോലെയല്ല താനെന്നും ആസാദ് ജമ്മുവിലെ വൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. അതേസമയം, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറുഖ് അബ്ദുള്ളയെ പുകഴ്ത്തിയാണ് ആസാദ് സംസാരിച്ചത്.
കോൺഗ്രസ് പാർട്ടി പൂർണമായും നശിച്ചെന്നും പാർട്ടിയിൽ കൂടിയാലോചനാ സംവിധാനത്തെ നശിപ്പിച്ചതു മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയാണെന്നും ആസാദ് കുറ്റപ്പെടുത്തി. കോൺഗ്രസിൽനിന്നു രാജിവച്ചശേഷമുള്ള ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആസാദ്. സൈനിക് കോളനിയിൽ നടന്ന റാലിയിൽ വൻ ജനക്കൂട്ടം പങ്കെടുത്തു. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ ആസാദിനൊപ്പം കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തു.
പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഇന്നലെയുണ്ടായില്ല. കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപനമാണു തന്റെ മുഖ്യ പരിഗണനയെന്ന് ആസാദ് പറഞ്ഞു.