വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ പുതുതലമുറയ്ക്ക് ആവേശമില്ല; പഠിക്കാൻ സമിതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Tuesday, January 7, 2025 2:07 AM IST
തിരുവനന്തപുരം: വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ പുതുതലമുറയ്ക്ക് ആവേശമില്ല. നിരവധി ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതി ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് പഠിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 18നും 19നും ഇടയിൽ പ്രായമുള്ള പുതുവോട്ടർമാർ 1.7 ശതമാനം മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും 18നും 25നും ഇടയിലുള്ള പുതു വോട്ടർമാരിൽ കൂടുതൽ പേർ വോട്ടു ചെയ്തിട്ടില്ലെന്നാണ് നിഗമനം.
ഈ സാഹചര്യത്തിലാണ് പുതുതലമുറ എന്തുകൊണ്ടാണ് വോട്ടേഴ്സ് ലിസറ്റിൽ പേര് ചേർക്കാൻ മുന്നോട്ടു വരാത്തതെന്നും പേരു ചേർത്തവർ തന്നെ എന്തുകൊണ്ടാണ് വോട്ട് ബഹിഷ്കരിക്കുന്നതെന്നും പഠിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
ഐഎംജിയോ സിഎംഡിയോ ആയിരിക്കും പഠനച്ചുമതല വഹിക്കുക. പഠനം നടത്തി റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു.
കോളജുകളിലെ ലിറ്റററി ക്ലബ്ബുകളിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്പോൾ തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചോ വോട്ട് ചെയ്യുന്നതിലോ നിസംഗമനോഭാവം കാണുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.