പി. ജയരാജൻ ജയിലിൽ പോയില്ലെങ്കിൽ അതാണ് തെറ്റ്: എം.വി. ജയരാജൻ
Tuesday, January 7, 2025 2:07 AM IST
കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ കഴിഞ്ഞ ദിവസം ജയിലിൽ പേര്യ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാൻ പോയതിൽ ഒരു തെറ്റുമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പി. ജയരാജന്റെ ജയിൽസന്ദർശനം വിവാദമായ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിൽ ഉപദേശക സമിതിയംഗമായ വ്യക്തി ജയിൽ സന്ദർശിക്കുന്നതിൽ ഒരു തെറ്റുമില്ല. സ്വാഭാവികമായ രീതിയാണത്. ജയിലിൽ കഴിയുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നത് ജയിൽ ഉപദേശക സമിതിയംഗത്തിന്റെ ഉത്തരവാദിത്തമാണ്. അത്തരമൊരു സ്ഥാനത്തിരിക്കുന്നയാൾ സന്ദർശനം നടത്തിയില്ലെങ്കിൽ അതു തെറ്റെന്നും ആ സ്ഥാനത്തിരിക്കാൻ അയോഗ്യനാണെന്നും പറയേണ്ടി വരും.
ജയിലിലുള്ളവരെല്ലാം കുറ്റവാളികളല്ല. നിരപരാധികളും ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തുന്നുണ്ട്. അത്തരക്കാരുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും കേസുകൾ നടത്തേണ്ടി വരും. ശിക്ഷാതടവുകാർ, റിമാൻഡ് തടവുകാർ എന്നിവരടക്കമുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് ജയിൽ ഉപദേശക സമിതിയുടെ ഉത്തരവാദിത്വമാണ്. ഉപദേശക സമിതി ചെയർമാനായ സെഷൻസ് ജഡ്ജി വരെ ജയിലിൽ ഇടയ് ക്കിടെ സന്ദർശനം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥർ തെറ്റു ചെയ്യുന്നുണ്ടെങ്കിൽ തടവുകാർക്ക് അറിയിക്കാനുള്ള സംവിധാനത്തിന്റെ ഭാഗംകൂടിയാണ് ജയിൽ ഉപദേശക സമിതി.
അതേസമയം, പേര്യ ഇരട്ടക്കൊലക്കേസിലെ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയപ്പോൾ അഭിവാദ്യം അർപ്പിച്ചതും ഇവർ എവിടെയുള്ള പാർട്ടി പ്രവർത്തകരാണ് എന്നുമുള്ള ചോദ്യത്തോട് അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു എം.വി. ജയരാജന്റെ മറുപടി.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹർജിയിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.