കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലു പേർ മരിച്ചു
Tuesday, January 7, 2025 2:19 AM IST
ഇടുക്കി: കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിൽ പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ നാലു പേർ മരിച്ചു.
മാവേലിക്കരയിൽനിന്നു കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
മുള്ളികുളങ്ങര കോട്ടയ്ക്കകത്ത് തെക്കെത്തിൽ രമ മോഹൻ (55), തട്ടാരന്പലം കാർത്തികയിൽ അരുണ് ഹരി (40), തട്ടാരന്പലം സോമസദനത്തിൽ സംഗീത് (45), മാവേലിക്കര കൗസ്തുഭത്തിൽ ബിന്ദു ഉണ്ണിത്താൻ (55) എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തും ബിന്ദു ഉണ്ണിത്താൻ മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.
ഡ്രൈവർമാർ അടക്കം 37 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പാലാ മെഡിസിറ്റി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.10ന് പുല്ലുപാറ കള്ളിവയൽ എസ്റ്റേറ്റിനു സമീപത്താണ് അപകടം നടന്നത്.
റോഡരികിലെ ക്രാഷ്ബാരിയർ തകർത്ത് 40 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടിനിൽക്കുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതായി അപകടത്തിനു മുന്പ് ഡ്രൈവർ യാത്രക്കാരോട് വിളിച്ചുപറഞ്ഞിരുന്നതായി പറയപ്പെടുന്നു.
തിട്ടയിൽ ഇടിച്ചുനിർത്താൻ ശ്രമം നടത്തിയെങ്കിലും കുത്തിറക്കവും വളവുംമൂലം കഴിഞ്ഞില്ല. മരിച്ച സംഗീതിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് തട്ടാരമ്പലത്തിലുള്ള വീട്ടുവളപ്പിലും ബിന്ദുവിന്റെ സംസ്കാരം ഇന്ന് രണ്ടിന് മാവേലിക്കരയിലെ വീട്ടുവളപ്പിലും നടക്കും.