നവീന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല
Tuesday, January 7, 2025 2:19 AM IST
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നു കേസ് ഡയറി പരിശോധിച്ചു വിലയിരുത്തിയാണ് ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജി ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് തീര്‍പ്പാക്കിയത്. അതേസമയം, കൊന്നു കെട്ടിത്തൂക്കിയതാണെന്ന ഹര്‍ജിക്കാരിയുടെ സംശയമടക്കം അന്വേഷണവിധേയമാക്കണമെന്നും കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം. വിവരങ്ങള്‍ ഡിഐജിക്കു കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. അന്വേഷണ പുരോഗതി ഹര്‍ജിക്കാരിയെയും അറിയിക്കണം. അന്തിമ റിപ്പോര്‍ട്ട് ഡിഐജിയെ കാട്ടി അനുമതി വാങ്ങിയ ശേഷമേ കോടതിയില്‍ സമര്‍പ്പിക്കാവൂ എന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശിച്ചു.
അന്വേഷണത്തില്‍ പിഴവ് ചൂണ്ടിക്കാട്ടാന്‍ ഹര്‍ജിക്കാരിക്കു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. അന്വേഷണ സംഘത്തെ സംശയിക്കാന്‍ കാരണങ്ങള്‍ ഇല്ല. കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതി പി.പി. ദിവ്യക്ക് ഭരണകക്ഷിയുമായി ബന്ധം ഉണ്ടെന്നതിന്റെ പേരില്‍ മാത്രം അന്വേഷണം സിബിഐക്കു കൈമാറാനാകില്ല.
തുടക്കം മുതല്‍ അന്വേഷണം ശരിയായ രീതിയിലാണു നടന്നത്. സയന്റിഫിക് അസിസ്റ്റന്റും വിരലടയാള വിദഗ്ധരും ആദ്യം തന്നെ എത്തിയിരുന്നു. അഞ്ചു സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.
പത്തനംതിട്ടയില്‍നിന്നു ബന്ധുക്കള്‍ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കുന്നതു പ്രായോഗികമായിരുന്നില്ല്ല. ബന്ധുക്കള്‍ എത്തിച്ചേര്‍ന്നത് 15 മണിക്കൂറിനു ശേഷമാണ്. മരിച്ച് അഞ്ചു മണിക്കൂറിനുള്ളില്‍ ദേഹപരിശോധന നടത്തേണ്ടതുണ്ട്. അതു നടത്തുമ്പോള്‍ ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നത് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പറയുന്നില്ലെന്നു ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മൂത്രാശയക്കല്ല് പോലുള്ള കാരണങ്ങളായിരിക്കാം രക്തക്കറയ്ക്ക് കാരണമെന്ന ഡോക്ടറുടെ വിശദീകരണം കേസ് ഡയറിയിലുണ്ടെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 15നു കണ്ണൂരിലെ ക്വാര്‍ട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.