പുല്ലുപാറ ബസപകടം; ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്ന് സൂചന
Tuesday, January 7, 2025 2:07 AM IST
പ്രസാദ് സ്രാന്പിക്കൽ
കുമളി: മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ കെകെ റോഡിൽ പുല്ലുപാറയിലുണ്ടായ ബസപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നും സൂചനകൾ.
2016 രജിസ്ട്രേഷനുള്ള ബസിൽ ബ്രേക്കിലേക്കുള്ള എയർ പൈപ്പ് ലീക്കാകുന്നതടക്കം ബ്രേക്ക് തകരാറുണ്ടായാൽ ബ്രേക്ക് ഫെയിലിയർ സിസ്റ്റം പ്രവർത്തിച്ച് ബ്രേക്കുകൾ ഓട്ടോമാറ്റിക്കായി ജാം ആകുമെന്ന് ഇടുക്കി എൻഫോഴ്മെന്റ് ആർടിഒ കെ.കെ. രാജീവ് പറഞ്ഞു.
എയർടാങ്ക് പൊട്ടിയാലും ഈ സാങ്കേതിക സംവിധാനം ഉടനടി പ്രവർത്തിക്കും. ബ്രേക്ക് തക്കരാറുണ്ടെങ്കിൽ ഈ ഉപകരണത്തോട് ചേർന്നുള്ള അലാറവും മുഴങ്ങും. ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടതായി ആർടിഒ പറഞ്ഞു.
റോഡിൽ ബസ് ബ്രേക്ക് ചെയ്തതിന്റെ ടയർ മാർക്കുകൾ വ്യക്തമാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്പോൾ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്കുന്നത്. ഉറക്കത്തിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട പരിഭ്രാന്തിയിൽ ബ്രേക്ക് ഉപയോഗിക്കുകയും ഡ്രൈവർ ബഹളം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടാകാം.
അപകട ശേഷം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മറ്റ് ഡ്രൈവർമാർ ബസിന്റെ ബ്രേക്കിന് തകരാറില്ലന്നാണ് പറഞ്ഞത്. ബസ് റോഡിൽ കയറ്റി വിശദമായ പരിശോധക്ക് ശേഷമേ അന്തിമ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളുവെന്ന് ആർടിഒ പറഞ്ഞു.